നാവായിക്കുളത്ത് പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം; സമീപവാസിയായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ്

പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

Update: 2025-03-06 06:40 GMT

കല്ലമ്പലം: നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച കേസില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍. നാവായിക്കുളം സ്വദേശി അഭിജിത്ത് (29) ആണ് കല്ലമ്പലം പൊലീസിന്റെ കസ്റ്റഡിയിലായത്. നാവായിക്കുളം സ്വദേശിനിയായ 16കാരിയാണ് മരിച്ചത്. കടമ്പാട്ടുകോണം മദര്‍ ഇന്ത്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

ആറ്റിങ്ങലിലെ ബൈക്ക് ഷോറൂമില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു അഭിജിത്ത്. പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും സംശയം തോന്നിയതിനെത്തുടര്‍ന്നാണ് സമീപവാസിയായ അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ യുവാവ് പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വീട്ടില്‍ അമ്മൂമ്മ മാത്രമാണുണ്ടായിരുന്നത്. അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മൂമ്മയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാര്‍ മുറിയുടെ വാതില്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകടന്നത്.

ഷാള്‍കൊണ്ട് കുരിക്കിട്ട് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്ന പെണ്‍കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശൂപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് കല്ലമ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Tags:    

Similar News