പരീക്ഷ പേടിയില്‍ വീടുവിട്ടു; ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര; റിസോര്‍ട്ടില്‍ ജോലി ചെയ്തു; കോളേജ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത് ഉഡുപ്പിയില്‍ ഷോപ്പിങ് സെന്ററില്‍ പണമില്ലാതെ വിഷമിക്കവെ; വിശദീകരിച്ച് പൊലീസ്
പരീക്ഷാപ്പേടിയില്‍ വീടുവിട്ട വിദ്യാര്‍ഥിയെ പൊലീസ് കണ്ടെത്തി
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഫറംഗിപേട്ട സ്വദേശിയും മംഗളൂരു പി.യു കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ ദിഗന്തിന്റെ (18) തിരോധാനത്തിന് പിന്നില്‍ പരീക്ഷാപ്പേടിയെന്ന് പൊലീസ്. ഫെബ്രുവരി 25നാണ് വിദ്യാര്‍ഥിയെ കാണാതായത്. ശനിയാഴ്ച ഉഡുപ്പിയില്‍ നിന്ന് കണ്ടെത്തിയ ദിഗന്തിനെ ചോദ്യം ചെയ്തപ്പോഴാണ് കാരണം വ്യക്തമായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് എന്‍. യതീഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കാണാതായെന്ന പരാതി ലഭിച്ചയുടനെ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതീക്ഷിച്ചപോലെ തയാറെടുക്കാത്തതിനാല്‍ പി.യു പരീക്ഷയെ ദിഗന്ത് ഭയപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കായിരുന്നു ദിഗന്ത് നേടിയത്.
പതിനെട്ടുകാരിയെ കാണാതായതിന് പിന്നാലെ ബി.ജെ.പി ബന്ദ് ഉള്‍പ്പെടെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ സംഭവം സ്പീക്കര്‍ യു.ടി. ഖാദര്‍ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. പരീക്ഷാഭീതിയില്‍ വീടുവിട്ടതാവാം എന്ന പൊലീസ് നിഗമനം ശരിവെക്കുന്നതാണ് വിദ്യാര്‍ഥിയുടെ മൊഴിയെന്ന് എസ്.പി പറഞ്ഞു.
കാണാതായ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിയ ദിഗന്ത് റെയില്‍വേ ട്രാക്കിലൂടെ അര്‍കുല മെയിന്‍ റോഡിലേക്ക് നടന്നു. തുടര്‍ന്ന് മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ കയറി മംഗളൂരുവിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തി. അവിടെ നിന്ന് ബസില്‍ ശിവമോഗയിലേക്കും പിന്നീട് ട്രെയിനില്‍ മൈസൂരുവിലേക്കും തുടര്‍ന്ന് ടിക്കറ്റില്ലാതെ കെങ്കേരിയിലേക്കും സഞ്ചരിച്ചു.
നന്തി ഹില്‍സില്‍ എത്തി റിസോര്‍ട്ടില്‍ ജോലി ചെയ്തു. മൈസൂരുവില്‍ നിന്ന് മുരുഡേശ്വര എക്‌സ്പ്രസ് ട്രെയിനില്‍ കയറി ഉഡുപ്പിയില്‍ ഇറങ്ങി. ഉഡുപ്പിയില്‍ ഷോപ്പിങ് സെന്ററില്‍ പണമില്ലാതെ പ്രയാസപ്പെട്ട അവസ്ഥയിലാണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
വീടുവിട്ട ആദ്യദിനം റയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച ചെരിപ്പുകളില്‍ കണ്ടെത്തിയ രക്തക്കറ കാലില്‍ സ്വയം ഏല്പിച്ച പരിക്കില്‍ നിന്നുള്ളതാണ്. മൊബൈല്‍ ഫോണും അവിടെ ഉപേക്ഷിച്ചിരുന്നു. പൊലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന ആരോപണങ്ങള്‍ എസ്.പി തള്ളി. സജീവമായ തിരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. 150 പേരടങ്ങുന്ന ഏഴ് സംഘങ്ങള്‍ തെരച്ചില്‍ നടത്തിയെന്നും എസ്.പി പറഞ്ഞു.
അതേസമയം, ദിഗന്ത് മയക്കുമരുന്ന് മാഫിയയുടെ ഇരയായി എന്ന പ്രചാരണം നടത്തിയ ബി.ജെ.പി, പൊലീസ് അനാസ്ഥ ആരോപിച്ച് പ്രതിഷേധ പരിപാടികളിലായിരുന്നു. മാര്‍ച്ച് ഒന്നിന് ബി.ജെ.പി, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ എന്നിവ സംയുക്തമായി ഫറംഗിപേട്ടയില്‍ ബന്ദാചരിക്കുകയും മംഗളൂരുവില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് യു.ടി. ഖാദര്‍ പ്രശ്‌നം നിയമസഭയില്‍ ഉന്നയിച്ചത്.