ഷാനിദ് വിഴുങ്ങിയത് എംഡിഎംഎക്ക് പുറമേ കഞ്ചാവും? വയറ്റില്‍ കണ്ടെത്തിയ മൂന്നുപാക്കറ്റുകളില്‍ ഒന്നില്‍ ഇല പോലുളള വസ്തുവും; ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗള്‍ഫില്‍ നിന്ന് മടങ്ങി എത്തിയതിന് ശേഷം; ലഹരി ഉപയോഗത്തിന് പുറമേ കച്ചവടം നടത്തിയിരുന്നത് രാത്രിയില്‍
ഷാനിദിന്റെ വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് പാക്കറ്റുകള്‍
കോഴിക്കോട്: എംഡിഎംഎ അടങ്ങിയ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറിനുള്ളില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് പാക്കറ്റുകള്‍. സ്‌കാന്‍ പരിശോധനയിലാണ് 3 പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇവയില്‍ രണ്ട് പാക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളും ഒന്നില്‍ ഇല പോലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. ഇത് കഞ്ചാവാണെന്നാണ് നിഗമനം. ഷാനിദിന്റെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായി. താമരശ്ശേരി തഹസില്‍ദാരുടെയും കുന്നമംഗലം ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിന്റെയും സാന്നിധ്യത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. ഷാനിദിന്റെ മരണം പേരാമ്പ്ര ഡിവൈഎസ്പി അന്വേഷിക്കും.
എംഡിഎംഎ ശരീരത്തില്‍ കലര്‍ന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമാകും. ഇതിനുശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വില്പനയും നടത്തിയിരുന്നു. സി.ടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലാണ് വയറില്‍ വെള്ള തരികളടങ്ങിയ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. അമര്‍ത്തി ഒട്ടിക്കാവുന്ന പ്‌ളാസ്റ്റിക് കവറില്‍ നിന്ന് എം.ഡി.എം.എ അലിഞ്ഞ് രക്തത്തില്‍ കലര്‍ന്നതാണ് മരണകാരണമെന്നാണ് സൂചന.
ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗള്‍ഫില്‍ നിന്നെത്തിയതിന് ശേഷമായിരുന്നു. അവിവാഹിതനാണ് ഷാനിദ്. എട്ടു വര്‍ഷമായി ടിപ്പര്‍ ഡ്രൈവറാണ്. ആരോടും അധികം സംസാരിക്കാറില്ല. അടുത്ത സുഹൃദ്ബന്ധങ്ങളുമില്ല. അമ്മൂമ്മ ഫാത്തിമയുടെ വീട്ടിലായിരുന്നു കുറച്ചുകാലമായി താമസം. രാത്രി വൈകിയാണ് വീട്ടിലെത്തിയിരുന്നത്.
ഇയാള്‍ക്കെതിരെ രണ്ട് ലഹരി കേസുകള്‍ പൊലീസ് എടുക്കുകയും ചെയ്തിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി എം.ഡി.എം.എ വില്‍ക്കുന്നതായി പ്രദേശവാസികളും പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എംഡിഎംഎയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.