ആ പോലീസുകാരെ ഡിവൈഎഫ് ഐ നേതാവ് കൈയ്യേറ്റം ചെയതത് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍; പിടിച്ചു തള്ളലില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ വീണത് കട്ടളയില്‍ തലയിടിച്ച്; ആറ്റുകാലിലെ കൗണ്‍സിലറുടെ പരാക്രമം ജാമ്യമില്ലാ കേസായി; വഴിയോരത്തെ പണപ്പിരിവിന് പിന്നില്‍ ആര്?

Update: 2025-03-09 07:08 GMT

തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സിപിഎം കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തത് സിസിടിവി തെളിവ് അടക്കമുള്ളതിനാല്‍. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഉണ്ണിക്കൃഷ്ണനെതിരെയാണ് ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഇതിനിടെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട മാഫിയകളും സജീവമാണെന്ന സൂചനകളുണ്ട്. വഴിയോര കച്ചവടക്കാരില്‍ നിന്നെല്ലാം ഇവര്‍ പണ പിരിവ് നടത്തുന്നുണ്ട്.

ക്ഷേത്രത്തില്‍ തിരക്കുള്ള സമയത്ത് വരിനില്‍ക്കാതെ തന്റെ ഇഷ്ടക്കാരെ കൗണ്‍സിലര്‍ കടത്തിവിടാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. ഡിവൈഎഫ്‌ഐ നേതാവു കൂടിയായ കൗണ്‍സിലര്‍ ഉണ്ണിക്കൃഷ്ണന്‍ പതിവായി ഇത്തരത്തില്‍ ആള്‍ക്കാരെ കടത്തിവിടാന്‍ ശ്രമിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. അല്‍പം കാത്തുനില്‍ക്കാന്‍ ഇവരോട് സ്ഥലത്തുണ്ടായിരുന്ന എസ്‌ഐ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ കൗണ്‍സിലര്‍ അസഭ്യം പറഞ്ഞ് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ കാവല്‍ ഡ്യൂട്ടി നിന്നിരുന്ന വനിതാ പൊലീസുകാരെയും കൗണ്‍സിലര്‍ ആക്രമിച്ചു.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസിന്റെ തല കട്ടിളയില്‍ ഇടിച്ചതോടെ കുഴഞ്ഞുവീണു. ബല പ്രയോഗത്തിലൂടെ ഉണ്ണികൃഷ്ണന്‍ ആളുകളെ അകത്ത് പ്രവേശിപ്പിക്കുകയും ചെയ്തു. തിരക്ക് കണക്കിലെടുത്ത് പടിഞ്ഞാറെ നട വഴി പ്രവേശനം ഒഴിവാക്കിയിരുന്നു. എന്നാല്‍ ക്യൂ നില്‍ക്കാതെ കൂടെ വന്നവരെ അകത്ത് പ്രവേശിപ്പിക്കണമെന്ന് കൗണ്‍സിലര്‍ പറഞ്ഞതായാണ് പൊലിസ് പറയുന്നത്.

പറ്റില്ലെന്ന് പോലിസ് പറഞ്ഞതോടെ വാക്കുതര്‍ക്കമായി, ഒടുവില്‍ കയ്യാങ്കളിയില്‍ കലാശിച്ചു. വനിതാ പൊലീസുകാരുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കൗണ്‍സിലര്‍ക്കെതിരെ പൊലീസ് സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഉത്സവത്തിന്റെ ആദ്യ ദിനങ്ങളിലാണ് ഈ മേഖലയില്‍ കച്ചവടക്കാരില്‍ നിന്നും വ്യാപക പിരിവ് നടന്നത്. വഴിയോരത്ത് കച്ചവടം ചെയ്യാനെത്തുന്നവരില്‍ നിന്നുമാണ് പണം പിരിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഇതിന് പിന്നില്‍ ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Similar News