സിനിമ സ്റ്റൈല്‍ ചേസിംഗിനിടെ പൊലീസ് ജീപ്പില്‍ കാറിടിച്ച് കയറ്റി അതിവേഗത്തില്‍ പാഞ്ഞ് രക്ഷപ്പെടല്‍; ഫോണ്‍ ട്രാക്ക് ചെയ്ത് പുലര്‍ച്ചയോടെ വീട് വളഞ്ഞ് സാഹസികമായി കീഴ്പ്പെടുത്തല്‍; പൊലീസിനെ ഞെട്ടിച്ച് ഏഴംഗ ലഹരി സംഘത്തില്‍ ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ടെക്കിയും; പുതുവര്‍ഷാഘോഷത്തിന് രാസലഹരിയില്‍ ആറാടാന്‍ എത്തിയവരും കടത്തുകാര്‍ക്കൊപ്പം കുടുങ്ങിയപ്പോള്‍!

പുതുവര്‍ഷാഘോഷത്തിന് രാസലഹരിയില്‍ ആറാടാന്‍ എത്തിയവരും കടത്തുകാര്‍ക്കൊപ്പം കുടുങ്ങിയപ്പോള്‍!

Update: 2026-01-01 14:02 GMT

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ തലസ്ഥാന നഗരിയെ നടുക്കി വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ലഹരിക്കടത്ത് കേസിലെ കുപ്രസിദ്ധ പ്രതികളായ അസിം, അജിത് എന്നിവരെ പിടികൂടാനിറങ്ങിയ പൊലീസ് സംഘത്തിന്റെ വലയില്‍ കുടുങ്ങിയത് എംബിബിഎസ് ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനും ഉള്‍പ്പെടെയുള്ള ഏഴംഗ സംഘം. കിലോമീറ്ററുകളോളം നീണ്ട സിനിമാ സ്‌റ്റൈല്‍ ചേസിംഗിനൊടുവിലാണ് പ്രതികളെ ഡാന്‍സാഫ് (DANSAF) സംഘം പിടികൂടിയത്.

പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു; ഒടുവില്‍ പുലര്‍ച്ചെ കുടുങ്ങി

കഴിഞ്ഞ കുറേ നാളുകളായി പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു അസിം. ഇന്നലെ നെടുമങ്ങാട് വച്ച് ഡാന്‍സാഫ് സംഘം പ്രതികളെ പിന്തുടര്‍ന്നെങ്കിലും പൊലീസ് ജീപ്പില്‍ കാറിടിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണിയാപുരം തോപ്പില്‍ ഭാഗത്തുള്ള ഒരു വീട്ടില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. പുലര്‍ച്ചെയോടെ വീട് വളഞ്ഞ പൊലീസ് സംഘം സായുധരായ പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

ഇവരില്‍ നിന്ന് എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, സാധാരണ കഞ്ചാവ് എന്നിവയും ലഹരിക്കടത്തിനായി ഉപയോഗിച്ച രണ്ടു കാറുകളും ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

പിടിയിലായവരില്‍ ഡോക്ടറും, ബിഡിഎസ് വിദ്യാര്‍ഥിനിയും ടെക്കിയും

കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തന്‍ (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയുമായ ഹലീന (27), കൊല്ലം ആയൂര്‍ സ്വദേശിയും ഐടി ജീവനക്കാരനുമായ അവിനാഷ് (29), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. നെടുമങ്ങാട് സ്വദേശി അസിം, തൊളിക്കോട് സ്വദേശി അജിത്ത് എന്നിവരാണ് ലഹരിക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍. അന്‍സിയയും ഇവരോടൊപ്പം ലഹരിക്കടത്തിലെ പ്രധാന കണ്ണിയാണെന്ന് പൊലീസ് അറിയിച്ചു. മറ്റു പ്രതികള്‍ ലഹരിമരുന്ന് വാങ്ങാനും ഉപയോഗിക്കാനും എത്തിയവരാണെന്നാണ് പ്രാഥമിക നിഗമനം.




 എംഡിഎംഎ കടത്ത് കേസില്‍ മുന്‍പ് 10 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെടുകയും 5 വര്‍ഷം തടവ് അനുഭവിച്ച ശേഷം ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തവരാണ് അസിമും അജിത്തും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഇവര്‍ വീണ്ടും ലഹരിക്കടത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ പിടികൂടാനായി ഡാന്‍സാഫ് സംഘം ഏറെ നാളായി ശ്രമിച്ചുവരികയായിരുന്നു. മുന്‍പ് കാട്ടാക്കട ഡാന്‍സാഫ് എസ്‌ഐയെ നെയ്യാര്‍ ഡാം ഭാഗത്തെ ചെക്ക് പോസ്റ്റില്‍ വച്ച് കാര്‍ തട്ടിച്ച് അസിം രക്ഷപ്പെട്ടിരുന്നു.

അറസ്റ്റിലായ ഡോ. വിഗ്‌നേഷ് ദത്തന്‍ എംബിബിഎസ് ബിരുദധാരിയാണെങ്കിലും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ബെംഗളൂരുവില്‍ നിന്നാണ് സംഘം ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് ഡോക്ടര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ലഹരിവേട്ട.

ഹൈടെക് ഇടപാടുകള്‍, നേരിട്ടുള്ള വിതരണം

പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ലഹരിമരുന്ന് എത്തിക്കാനായിരുന്നു സംഘത്തിന്റെ പ്ലാന്‍. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തിയാല്‍ പൊലീസ് പിടിക്കുമെന്ന ഭയത്താലാണ് ഡോക്ടറും ഐടി ജീവനക്കാരനും ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ലഹരി വാങ്ങാന്‍ എത്തിയത്.

പൊലീസ് നടപടി

കുപ്രസിദ്ധ പ്രതികളായ അസിമിന്റെയും അജിത്തിന്റെയും ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് നാര്‍ക്കോട്ടിക്സ് ഡിവൈഎസ്പി പ്രദീപ് വ്യക്തമാക്കി. നെടുമങ്ങാട്, ആറ്റിങ്ങല്‍ ഡാന്‍സാഫ് സംഘങ്ങളുടെ പഴുതടച്ച നീക്കമാണ് സമൂഹത്തിന് ഭീഷണിയായ ഈ സംഘത്തെ കുടുക്കാന്‍ സഹായിച്ചത്.

Tags:    

Similar News