പന്തല്‍ പണിക്കാരനായി കയ്പമംഗലത്ത് രണ്ടുവര്‍ഷം; ബംഗ്ലാദേശിലും പാക്കിസ്ഥാനിലും ദുരൂഹ ഇടപാടുകള്‍! മതവിദ്വേഷ പ്രചാരണത്തിന് അറസ്റ്റിലായ അസം സ്വദേശി റോഷിദുള്‍ ഇസ്ലാമിന്റെ വേരുകള്‍ തേടി പോലീസ്; കേരളത്തില്‍ തമ്പടിച്ചത് വന്‍ ഗൂഢാലോചനയോടെ?

അസം സ്വദേശി റോഷിദുള്‍ ഇസ്ലാമിന്റെ വേരുകള്‍ തേടി പോലീസ്

Update: 2025-12-31 07:11 GMT

കയ്പമംഗലം (തൃശ്ശൂര്‍): സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കുകയും പാകിസ്ഥാനില്‍നിന്ന് എകെ 47 തോക്കുകള്‍ വാങ്ങാന്‍ ശ്രമം നടത്തുകയും ചെയ്ത അസം സ്വദേശി കയ്പമംഗലത്ത് അറസ്റ്റില്‍. അസം മോറിഗോണ്‍ സ്വദേശിയായ 25 വയസ്സുകാരന്‍ റോഷിദുള്‍ ഇസ്ലാം ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.

സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള വീഡിയോയും ചിത്രങ്ങളും പോസ്റ്ററുകളും പ്രചരിപ്പിച്ചതായാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച റെയ്ഡിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ക്ക് വിദേശബന്ധങ്ങളുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശിലുള്ള അമ്മാവനുമായി ഫോണ്‍ വഴിയും പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴിയും ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പാകിസ്ഥാനില്‍നിന്ന് മാരക പ്രഹരശേഷിയുള്ള എകെ 47 തോക്കുകള്‍ വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ ഇയാള്‍ നടത്തിയതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ചെന്ത്രാപ്പിന്നി ഈസ്റ്റ് ഭാഗത്തെ ഒരു പന്തല്‍ നിര്‍മാണക്കമ്പനിയില്‍ ജോലിക്കാരനാണ് റോഷിദുള്‍ ഇസ്ലാം. ഇയാളുടെ വിദേശബന്ധങ്ങളെക്കുറിച്ചും ലഹളയുണ്ടാക്കാനുള്ള നീക്കങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

Tags:    

Similar News