ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനും കടുങ്ങി; തിരുവനന്തപുരത്ത് പുതുവത്സര ലഹരിവേട്ട: ഏഴ് അംഗ സംഘം പിടിയില്‍; പോലീസ് ജീപ്പ് ഇടിച്ച് തകര്‍ക്കാനും ശ്രമം; കണിയാപുരത്തെ വാടക വീട്ടില്‍ എത്തുന്നവര്‍ ടെക്‌നോപാര്‍ക്കുകാരോ?

Update: 2026-01-01 05:21 GMT

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് വന്‍ ലഹരിവേട്ട. കണിയാപുരത്തെ വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ഥിനിയും ഐടി ജീവനക്കാരനുമടങ്ങുന്ന ഏഴ് പേരെ റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടി.

കിഴക്കേകോട്ട സ്വദേശിയായ ഡോ. വിഘ്‌നേഷ് ദത്തന്‍ (34), ബിഡിഎസ് വിദ്യാര്‍ഥിനി ഹലീന (27), ഐടി പ്രൊഫഷണലായ അവിനാഷ് (29) എന്നിവര്‍ക്കൊപ്പം ലഹരി മാഫിയയിലെ സ്ഥിരം കുറ്റവാളികളായ അസിം, അജിത്ത്, അന്‍സിയ, ഹരീഷ് എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ തുടരന്വേഷണം നടക്കും.

ബെംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് ഡോക്ടര്‍മാര്‍ക്കും പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്യുന്ന സംഘമാണിതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പോലീസ് ജീപ്പില്‍ കാറിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. സിനിമാ മോഡല്‍ ചെയ്‌സിംഗിനൊടുവില്‍ കണിയാപുരം തോപ്പില്‍ ഭാഗത്തെ ഒളിത്താവളം വളഞ്ഞാണ് പോലീസ് സംഘം പ്രതികളെ കീഴ്‌പ്പെടുത്തിയത്.

പ്രതികളില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎ, വിലപിടിപ്പുള്ള ഹൈബ്രിഡ് കഞ്ചാവ്, സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു. വിപണിയില്‍ ഗ്രാമിന് മൂവായിരം രൂപയോളം വിലവരുന്നതാണ് പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ്. ലഹരിമരുന്നിന് പുറമെ ഇവരുടെ പക്കല്‍ നിന്നും രണ്ട് കാറുകള്‍, രണ്ട് ബൈക്കുകള്‍, പത്ത് മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പും നിരവധി ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.

റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം നാര്‍കോട്ടിക് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും കഠിനംകുളം പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. പുതുവത്സരത്തോട് അനുബന്ധിച്ച് നഗരത്തില്‍ വിപുലമായ രീതിയില്‍ മയക്കുമരുന്ന് എത്തിച്ചതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരെ ലക്ഷ്യമിട്ടായിരുന്നു കണിയാപുരത്തെ മയക്കു മരുന്ന് വില്‍പ്പന എന്നാണ് സൂചന.

Tags:    

Similar News