വല്യച്ഛനേയും വല്യമ്മയേയും കൊന്ന് മൃതദേഹത്തിന് മുന്നില്‍ ഇരുന്ന് മൂന്ന് സിഗരറ്റ് വലിച്ചു; ബാറിലെത്തി കഴിച്ചത് നാല് പെഗ്; വീട്ടിലേക്ക് കൊണ്ടു പോയത് 350എംഎല്‍ മദ്യം; കടക്കാര്‍ വന്നാല്‍ ആക്രമിക്കാന്‍ കരുതിയത് മുളകു പൊടി; ഗ്യാസ് തുറന്നു വിട്ടത് സൗദിയിലുള്ള അച്ഛന് ആ വീട് കിട്ടാതിരിക്കാന്‍; ഇപ്പോഴും അഫാന്‍ നിര്‍വികാരന്‍
തിരുവനന്തപുരം: കൊലപാതകങ്ങള്‍ നടന്ന ദിവസം കടക്കാര്‍ ആരെങ്കിലും വീട്ടില്‍ പണം ചോദിച്ച് വന്നാല്‍ അപായപ്പെടുത്താന്‍ അഫാന്‍ മുളക് പൊടിയും വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. അഞ്ച് കൊലപാതകങ്ങളും നടത്തിയ ശേഷം ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാന്‍ ശ്രമിച്ചത് ആ വീട്ടില്‍ പിതാവ് റഹീം ഉള്‍പ്പെടെ ആരും ഭാവിയില്‍ താമസിക്കണ്ടെന്ന പദ്ധതിയിലാണ്. ഗ്യാസ് തുറന്നുവിട്ട ശേഷം തനിയെ വീട് കത്തുമെന്ന് കരുതിയാണ് വീട് പൂട്ടി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. പല വീടുകളിലായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയവരുടെ വിവരം പോലീസിനെ അറിയിക്കണം. അതിന് ശേഷം എലിവിഷം കഴിച്ചതു കൊണ്ട് മരിക്കുമെന്നും കരുതി.
ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തില്‍ എലിവിഷം 20 രൂപയ്ക്ക് വാങ്ങിയതായി അഫാന്‍ പറഞ്ഞു.ഇത് കഴിച്ച ശേഷമാണ് സ്റ്റേഷനിലെത്തിയതെന്നും അഫാന്‍ പറഞ്ഞു. എലിവിഷം കഴിച്ചത് രക്ത പരിശോധനയിലും വ്യക്തമായിരുന്നു.
ആദ്യ ഘട്ട തെളിവെടുപ്പുമായി അഫാന്‍ എല്ലാ അര്‍ത്ഥത്തിലും സഹകരിച്ചു. കൊലപാതകങ്ങള്‍ക്കു വേണ്ടി ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ ഹാര്‍ഡ്വെയര്‍ കട, പിതൃമാതാവിന്റെ മാല പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപനം, ചുറ്റിക ഒളിപ്പിക്കാന്‍ ബാഗ് വാങ്ങിയ ചെരുപ്പ് കട, പണയം വെച്ച പണം നിക്ഷേപിച്ച എ ടി എം കൗണ്ടര്‍ എന്നിവിടങ്ങളിലെത്തിച്ചായിരുന്നു പാങ്ങാട് പോലീസിന്റെ തെളിവെടുപ്പ്. കട ഉടമകളും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു. എത്തിച്ച എല്ലാ സ്ഥലങ്ങളിലും ആള്‍ക്കൂട്ടമുണ്ടായിരുന്നതിനാല്‍ വന്‍ പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. അതേസമയം, കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് പുറമെ പെണ്‍സുഹൃത്തിനെക്കൂടി വകവരുത്തിയതിന്റെ കാരണവും അഫാന്‍ വെളിപ്പെടുത്തി. നിര്‍വികാരനായി മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് അഫാന്‍ കാര്യങ്ങള്‍ വിവരിച്ചത്.
തനിക്ക് ഫര്‍സാനയോട് പ്രണയമല്ല, കടുത്ത പകയാണ് ഉണ്ടായിരുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പണയം വെക്കാന്‍ നല്‍കിയ മാല ഫര്‍സാന തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ നല്‍കാന്‍ ഫര്‍സാന സമ്മര്‍ദം ചെലുത്തി. ഇതാണ് കടുത്ത പക തോന്നാന്‍ കാരണമായത്. ആസൂത്രണം നടത്തിയതിനു ശേഷമാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും പ്രതി പറഞ്ഞു. നാഗരുകുഴിയിലെ കടയില്‍ നിന്ന് മുളകുപൊടി വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടില്‍ ആരെങ്കിലും എത്തിയാല്‍ അവരെ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടില്‍ ഇന്നലെ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം വെളിപ്പടുത്തിയത്. പിതാവിന്റെ കാര്‍ പണയപ്പെടുത്തിയത് ഫര്‍സാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു.
കുഴിമന്തി വാങ്ങി തിരികെ എത്തിയ സഹോദരനെ അഫാന്‍ ഹാളില്‍ കുട്ടികൊണ്ടുവന്ന് കൊലപാതക വിവരങ്ങള്‍ ധരിപ്പിച്ച ശേഷം തലക്കടിച്ച് കൊലപ്പെടുത്തി. അടികൊണ്ട് തറയില്‍ വീണ സഹോദരന്‍ അഫാനെ നോക്കി പിടഞ്ഞുമരിക്കുന്നത് കണ്ട് അഫാന്റെ നിയന്ത്രണം പോയി. തുടര്‍ന്ന് രക്തമെല്ലാം കഴുകി ഡ്രസും മാറി കയ്യില്‍ കരുതിയിരുന്ന മദ്യത്തില്‍ എലിവിഷം ചേര്‍ത്ത് കഴിച്ച ശേഷം വീട്ടില്‍ നിന്നിറങ്ങി ഓട്ടോയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മാതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് കരുതി ശേഷം മുറി പൂട്ടി താക്കോല്‍ തൊട്ടടുത്ത ടോയ്ലറ്റിലെ ക്ലോസറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തു. തെളിവെടുപ്പിനിടെ പൊലീസ് താക്കോല്‍ കണ്ടെടുത്തു.
ലത്തീഫിനേയും ഭാര്യയേയും കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ മൃതദ്ദേഹത്തിന് മുന്നിരുന്ന് അഫാന്‍ മൂന്ന് സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷമാണ് വീട് വിട്ടിറങ്ങിയത്. ഇതിന് പിന്നാലെ വെഞ്ഞാറമൂട്ടിലെ ബാറിലെത്തി 4 പെഗ്ഗ് മദ്യം കഴിച്ച ശേഷം 350 എംഎല്‍ മദ്യം കുപ്പിയില്‍ വാങ്ങി. ഇതിന് ശേഷമാണ് ഫര്‍സാനയെ കൂട്ടി കൊണ്ടു വരാന്‍ പോയത്. പേരുമലയിലെ വീട്ടില്‍ കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.