'ജവാന്‍' ബ്രാന്‍ഡില്‍ മദ്യം ഉള്ളപ്പോള്‍ പുതിയ ബ്രാന്‍ഡിന്റെ പേര് 'ക്യാപ്ടന്‍' എന്നാകട്ടെ; 'ഡബിള്‍ ചങ്കന്‍, പോറ്റി' പേരുകളും നിര്‍ദേശിച്ചു സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍; സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡ് മദ്യത്തിന് പേരിന് പാരിതോഷികം പ്രഖ്യാപിച്ച ബെവ്‌കോ പുലിവാല് പിടിച്ചു; ചട്ടലംഘനം ആരോപിച്ചു കെസിബിസി മദ്യവിരുദ്ധ സമിതിയും

'ജവാന്‍' ബ്രാന്‍ഡില്‍ മദ്യം ഉള്ളപ്പോള്‍ പുതിയ ബ്രാന്‍ഡിന്റെ പേര് 'ക്യാപ്ടന്‍' എന്നാകട്ടെ

Update: 2025-12-31 13:51 GMT

തിരുവനന്തപുരം: പാലക്കാട്ടെ മലബാര്‍ ഡിസ്ലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ച ബെവ്‌കോ ആകെ പുലിവാല് പിടിച്ച നിലയില്‍ കെസിബിസി മദ്യവിരുദ്ധ സമതി അടക്കമുള്ളവര്‍ വിഷയത്തില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി രംഗത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെയും ബഹളമാണ്. ആനുകാലിക വിഷയങ്ങള്‍ അടക്കം പരിഗണിച്ചു കൊണ്ടാണ് പലരും പുതിയ മദ്യബ്രാന്‍ഡിപ് പേര് നിര്‍ദേശിച്ചത്.

ക്യപ്റ്റന്‍, ഡബിള്‍ ചങ്കന്‍, കപ്പിത്താന്‍, പോറ്റി ഇങ്ങനെ പോകുന്നു ആളുകള്‍ നിര്‍ദേശിക്കുന്ന ബ്രാന്‍ഡുകളുടെ പേരുകള്‍. കമന്റ് ചെയ്യുന്ന അന്‍പത് പേരില്‍ പകുതിപേരും ക്യാപ്റ്റനാണ് മുന്‍തൂക്കം നല്‍കുന്നത്. സര്‍ക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന മദ്യത്തിന് 'ജവാന്‍' എന്നു പേരുള്ള സ്ഥിതിക്ക് 'ക്യാപ്ടന്‍' പേരും നല്ലതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കപ്പിത്താന്‍ പേരും നിര്‍ദേശിക്കുന്നുണ്ട് പലരും. ഹിറ്റടിച്ച പോറ്റിയേ കേറ്റിയേ പാട്ടിന് പിന്തുടര്‍ച്ച പോലെ പോറ്റിയെ കേറ്റി, പോറ്റി ബ്രാക്കറ്റില്‍ എസ് എന്ന പേരും നിര്‍ദേശിക്കുന്നവര്‍ ഏറെയാണ്.

കേരള ലഹരി, കെ ബ്രാന്‍ഡി, കെ കിക്ക്, കെ രസം എന്നീ പേരുകളും ഉചിതമെന്ന് കമന്റുകളുണ്ട്.. ഗോള്‍ഡ് തെഫ്റ്റ് ബ്രാന്‍ഡി എന്നോ സഖാവ് ബ്രാന്‍ഡിയെന്നോ ചേര്‍ത്താല്‍ കൂടുതല്‍ വിറ്റുപോകുമെന്നും ഉപദേശം. റെഡ് വൊളണ്ടിയേഴ്‌സ്, കമ്മി ബ്രാണ്ടി ഒടുവില്‍ സഖാവ് എന്ന പേരില്‍ വരെ എത്തി നില്‍ക്കുന്നു പുതിയ പേരിന്റെ നിര്‍ദേശം. ലോഗോയില്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ വച്ചാല്‍ കൂടുതല്‍ മദ്യം വിറ്റുപോകുമെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്.

അറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ ബവ്‌കോ ആസ്ഥാനത്തെ ഫോണില്‍ വിളിച്ചും പേരിടല്‍ ചടങ്ങില്‍ പങ്കാളികളാകുന്നവരുണ്ട്. ആളുകള്‍ ഉഷാറാണ് പക്ഷേ ഇത്രയധികം മറുപടി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബവ്‌കോ എം.ഡി പറഞ്ഞു. അതേസമയം പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്തുവന്നതും സര്‍ക്കാറിന് തലവേദനയായി.

മദ്യത്തിന് പേരിടാനായി നടത്തിയ മത്സരം ചട്ടലംഘനമാണെന്നും പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നത്. ബെവ്കോ നടത്തിയത് സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റാണ്. വിഷയത്തില്‍ മന്ത്രി മറുപടി പറയണം. പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്‌നമായ അബ്കാരി ചട്ടലംഘനമാണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി ആരോപിക്കുന്നു.

Tags:    

Similar News