ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ഭീകരവാദികള്‍ക്ക് കരച്ചില്‍; ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായി വെളിപ്പെടുത്തി 'പഹല്‍ഗാം' ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍; കശ്മീര്‍ വിഷയത്തില്‍നിന്ന് പിന്മാറില്ലെന്ന പ്രകോപനവുമായി സൈഫുള്ള കസൂരി; 2026ല്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം ഭാഗം വരുമോ?

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കുമ്പോള്‍ ഭീകരവാദികള്‍ക്ക് കരച്ചില്‍

Update: 2025-12-31 15:35 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ തകര്‍ത്തതായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. നിരവധി ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യയുെട ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ നിലംപരിശായത്. ഭീകരകേന്ദ്രങ്ങളെ തകര്‍ക്കുന്ന ഓപ്പറേഷനുകള്‍ ഇനിയും ഉണ്ടാകുമെന്നാണ് ഇന്ത്യയും വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ അതിര്‍ത്തിക്ക് അപ്പുറത്തെ ഭീകരവാദികള്‍ ഭയപ്പാടിലാണ് താനും. ഇനിയും ഇന്ത്യയില്‍ നിന്നും ഒരു ആക്രമണം ഉണ്ടായാല്‍ അവര്‍ താങ്ങില്ലെന്ന് അറിയാം. എങ്കിലും തങ്ങള്‍ പിന്നിട്ടില്ലെന്നാണ് ഭീകരവാദികള്‍ പറയുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ന്നതായി അവകാശപ്പെട്ട് ഭീകര സംഘടന ലഷ്‌കറെ തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറായ സൈഫുള്ള കസൂരിയും രംഗത്തുവന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് ഒരു ലഷ്‌കറെ തൊയ്ബ നേതാവ് ഇന്ത്യന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ അനന്തരഫലങ്ങള്‍ സമ്മതിക്കുന്നത്. കസൂരിയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് നേരത്തേ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയത്. ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫീസ് സയിദിന്റെ വിശ്വസ്ത അനുയായിയാണ് കസൂരി.

ഓപ്പറേഷന്‍ സിന്ദൂറിനെ സംബന്ധിച്ച് കസൂരി പ്രസ്താവന നടത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നതായി സമ്മതിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരരുടെ ഒളിത്താവളങ്ങളെ മാത്രം ലക്ഷ്യമിട്ടത് ഇന്ത്യയുടെ വലിയ തെറ്റായിരുന്നുവെന്ന് കസൂരി വീഡിയോയില്‍ പറയുന്നു. അതായത് ഇന്ത്യയുടെ സൈനിക നടപടികളെ ശരിവെക്കുന്നതാണിത്. കശ്മീര്‍ വിഷയത്തില്‍നിന്ന് പിന്മാറില്ലെന്നും കസൂരി പറയുന്നുണ്ട്.

പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കസൂരിയെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ലഷ്‌കറെ തൊയ്ബയിലും ജമാഅത്തെ ഉദ്ദവയിലും നിര്‍ണായക പങ്കുവഹിച്ച കസൂരി ജമാഅത്തെ ഉദ്ദവയുടെ രാഷ്ട്രീയ വിഭാഗമായ മില്ലി മുസ്ലിം ലീഗി (എംഎംഎല്‍)ലും നേതൃപദവി വഹിച്ചിരുന്നു. ലഷ്‌കറെ തൊയ്ബയുടെതന്നെ മറ്റൊരു പേരായാണ് ജമാഅത്ത് ഉദ്ദവയെ യുഎസ് വിദേശകാര്യവകുപ്പ് പരിഗണിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍പ്പെട്ട സംഘടനയാണ് എംഎംഎല്‍. ഏറെക്കാലമായി ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ച കസൂരി പാകിസ്താനിലെ ജിഹാദി പ്രസ്ഥാനത്തിലെ പ്രധാന നേതാവായി മാറിയിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇന്ത്യയുടെ ആക്രമണത്തില്‍ നൂറിലധികം ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഭീകരര്‍ക്കെതിരായ നടപടിയില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിലെ സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയും നഗരങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണ ശ്രമങ്ങള്‍ക്ക് നല്‍കിയ തിരിച്ചടിയിലാണ് 11 പാക് വ്യോമതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തത്.

അതേസമയം ഈ ഓപ്പറേഷന്‍ സിന്ദൂറിലുണ്ടായതു പോലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ 2026ലും സായുധ സംഘര്‍ഷം ഉണ്ടായേക്കാമെന്ന് സൂചനയും ശക്തമാണ്. യുഎസ് തിങ്ക് ടാങ്ക് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്ം വാര്‍ത്തയായിട്ടുണ്ട്. ഇരുപക്ഷത്തുമുള്ള സൈനിക തയാറെടുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് (സിഎഫ്ആര്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യമുള്ളത്. വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് ഇത്തരമൊരു റിപ്പോര്‍ട്ട് സിഎഫ്ആര്‍ തയാറാക്കിയിട്ടുള്ളത്.

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും ഇന്ത്യ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഇന്ത്യ നടപടി തുടങ്ങിയിട്ടുണ്ട്. മറുവശത്ത് പാക്കിസ്ഥാനും വ്യോമ പ്രതിരോധ സംവിധാനങ്ങളടക്കം ശക്തമാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.

2026ല്‍ ഇന്ത്യയ്ക്കു പുറമേ അഫ്ഗാനും പാക്കിസ്ഥാനെ ലക്ഷ്യമിടുന്നുണ്ടെന്നാണ് സിഎഫ്ആര്‍ റിപ്പോര്‍ട്ടിലുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ തമ്മില്‍ സായുധ സംഘര്‍ഷത്തിനു 2026ല്‍ സാധ്യതയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള 2600 കി.മീ നീളമുള്ള അതിര്‍ത്തിയിലെ തര്‍ക്കങ്ങളും അഫ്ഗാനില്‍നിന്നുമുള്ള ഭീകരാക്രമണങ്ങളും പാക്കിസ്ഥാനു ഭീഷണിയാണ്.

Tags:    

Similar News