യാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖം; ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണെങ്കില്‍ അത്തരം ചര്‍ച്ചകള്‍ നടക്കില്ല; യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് മുസ്ലീംലീഗ് സ്വപ്നം കാണുന്നത്; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചു യോഗനാദം
യാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖം
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് സംബന്ധിച്ച വിവാദത്തില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം മുഖമാസികയായ യോഗനാദം. യാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖമെന്നാണ് വിമര്‍ശനമെന്നാണ് ഉയരുന്ന വാദം. സിപിഐക്കെതിരെയും യോഗനാദത്തില്‍ വിമര്‍ശനം ശക്തമായി ഉന്നയിക്കുന്നുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷം കഴിഞ്ഞിട്ടും അധസ്ഥിത വിഭാഗങ്ങളോടുള്ള അയിത്തം തുടരുന്നതിന്റെ തെളിവാണ് അപഹാസ്യ ചര്‍ച്ചകളെന്നും വിമര്‍ശനം. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ല്. സിപിഐയുടെ നവ നേതൃത്വത്തിന് ഇപ്പോള്‍ ആ ബോധ്യമില്ലെന്നും യോഗനാദം വിമര്‍ശിക്കുന്നു.
ഉയര്‍ന്ന വിഭാഗത്തില്‍ നിന്നുള്ള ആളോ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളോ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയാല്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കുകയില്ലെന്ന് യോഗനാദത്തില്‍ പറയുന്നു. വെളളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടുപോയത് രാജ്യദ്രോഹം പോലെ വരുത്തിതീര്‍ക്കാനാണ് ശ്രമം നടത്തുന്നതെന്നും വിമര്‍ശനം.
പരിഹാസങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണം പിന്നാക്കക്കാരനെ കാറില്‍ കയറ്റിയതുമാത്രമാണെന്നും പിന്നാക്ക സമുദായത്തിന് ലഭിക്കുന്ന അംഗീകാരം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിന്റെ വേദനയായി മാത്രമേ വിവാദത്തെ കാണുന്നുള്ളൂവെന്നും ലേഖനത്തില്‍ പറയുന്നു.
മുസ്ലീംലീഗിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തില്‍ മുസ്ലീംലീഗ് സ്വപ്നം കാണുന്നതെന്നാണ് യോഗനാദത്തിലെ വിമര്‍ശനം.
വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ അപാകതയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഈ വിഷയത്തില്‍ സിപിഐ നേതൃത്വം അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാറില്‍ കയറ്റുന്നത് വ്യക്തിപരമായ വിഷയമാണെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞ രീതിയിലാണ് അതൃപ്തി. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് മുതിര്‍ന്നേക്കില്ല.
വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയ സംഭവത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം വ്യക്തിപരം എന്നാണ് സിപിഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. അയ്യപ്പ സംഗമത്തിനെത്തിയപ്പോള്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ സിപിഐയുടെ വിമര്‍ശനം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍ എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ ശരികേട് ഒന്നും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞത്.
അതേസമയം, സിപിഐക്ക് എതിരെ വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ചതിയന്‍ ചന്തു പരാമര്‍ശം മുഖ്യമന്ത്രി തള്ളിയിരുന്നു. സിപിഐ ചതിക്കുന്ന പാര്‍ട്ടിയാണെന്ന അഭിപ്രായം ഇല്ല. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വെളളാപ്പളളിയെ തളളിപറഞ്ഞത്.
വിവാദങ്ങള്‍ക്കിടെ വെള്ളാപ്പള്ളി നടേശന്‍ ഇന്ന് മാധ്യമങ്ങളെ കാണും. രാവിലെ 10 മണിക്ക് കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് വാര്‍ത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
