നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും! കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ; കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡിയുടെ അന്വേഷണവും വന്നേക്കും; അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ കാത്തിരിക്കുന്നത് കഠിനകാലം..!
നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടിവേര് മാന്തിയ ശബരിമലയിലെ സ്വര്‍ണ്ണക്കൊളള വിവാദം നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി. ബിജെപിക്ക് അടക്കം രാഷ്ട്രീയമായി ആയുധമാക്കാനുള്ള വഴികള്‍ ഈ കേസില്‍ ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഇതോടെ കേന്ദ്ര ഏജന്‍ികള്‍ കേസ് അന്വേഷിക്കാന്‍ സാധ്യതയേറി.
ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിള, ദ്വാരപാലകശില്പങ്ങള്‍ എന്നിവയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന നിലപാടിലാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും. കേസിന് അന്തഃസംസ്ഥാനവും അന്തര്‍ദേശീയവുമായ ബന്ധങ്ങളുള്ളതിനാല്‍ യഥാര്‍ഥവസ്തുത പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ഐബിയുടെ ശുപാര്‍ശ. സംസ്ഥാനത്തുനിന്നുള്ള റിപ്പോര്‍ട്ട്, ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റലിജന്‍സിനാണ് നല്‍കിയത്. സിബഐ അന്വേഷണം എത്തിയാല്‍ അത് സിപിഎമ്മിനാകും രാഷ്ട്രീയമായി തിരിച്ചടിയാകുക.
നിലവില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടേതാകും അന്തിമ തീരുമാനം. അതേസമയ കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ പ്രതീക്ഷിച്ചാണ് എസ്‌ഐടി അന്വേഷണം ത്വരിതപ്പെടുത്തുന്നത് എന്നുമാണ് സൂചനകള്‍.
സ്വര്‍ണക്കൊള്ളയ്‌ക്കൊപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടാകുമെന്ന് കരുതുന്നതിനാല്‍ ഇ.ഡി.യുടെ അന്വേഷണവും ഐബി മുന്നോട്ടുവെക്കുന്നുണ്ട്. ശബരിമലക്കേസിലെ അന്താരാഷ്ട്രമാനങ്ങളെക്കുറിച്ച് ഹൈക്കോടതി പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഐബി പ്രാഥമിക വിവരശേഖരണത്തിന് തയ്യാറായത്.
ദേവസ്വംബോര്‍ഡ് ഭാരവാഹികളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്ന് വന്നപ്പോഴാണ്, കേസന്വേഷണത്തിന്റെ ഫയലുകള്‍ വേണമെന്ന ആവശ്യവുമായി ഇ.ഡി. ആദ്യം റാന്നി കോടതിയെ സമീപിച്ചത്. എന്നാല്‍, അവ നല്‍കേണ്ട എന്നായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഇ.ഡി. ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കൊല്ലം വിജിലന്‍സ് കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ് .
ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയ ഇ.ഡി., കേസ് വിവരം കൈമാറണമെന്നുള്ള ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. ഫയലുകള്‍ കിട്ടിയശേഷം, സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി. കേസ് രജിസ്റ്റര്‍ചെയ്യും.
അതിനിടെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വലുതെന്ന് പ്രത്യേക അന്വേഷണസംഘം. കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ഒമ്പതാം പ്രതി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, പത്താംപ്രതി ബെള്ളാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിശദവിവരം.
ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിളയുടെ മൊത്തം ഏഴു പാളികളിലെ സ്വര്‍ണമാണ് കവര്‍ന്നത്. കട്ടിളയ്ക്ക് മുകളിലെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. കട്ടിളപ്പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും നഷ്ടപ്പെട്ടു. ഇത് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചത്. പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്നും അതിനായി അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല ശ്രീകോവില്‍ വാതില്‍ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളില്‍നിന്നാണ് സ്വര്‍ണം നഷ്ടമായിരിക്കുന്നത്. കൂടാതെ കട്ടിളയുടെ മുകള്‍പ്പടി ചെമ്പ് പാളിയില്‍, രാശിചിഹ്നം ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളില്‍ നിന്ന്, കട്ടിളയ്ക്കു മുകളില്‍ പതിച്ചിട്ടുള്ള പ്രഭാ മണ്ഡലപാളിയില്‍ നിന്നും സ്വര്‍ണം പോയി.
ശ്രീകോവിലിലെ ദ്വാരപാലക ശില്പപാളികളിലും അതിന് തെക്കും വടക്കും മൂലകളിലുള്ള പില്ലര്‍പാളികളിലും ഉണ്ടായിരുന്ന സ്വര്‍ണവും നഷ്ടമായി അതേസമയം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി ഹാജരാക്കിയത് 109.243 ഗ്രാം സ്വര്‍ണമാണ്. ബെള്ളാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ ഹാജരാക്കിയത്474.960 ഗ്രാമും. ഇവ മോഷ്ടിക്കപ്പെട്ട സ്വര്‍ണമാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട ്തന്നെ തൊണ്ടി മുതല്‍ ഇല്ലാത്തതാണ് ഈ കേസിലെ പ്രധാന ന്യൂനതയും.
