കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒറ്റരാത്രിയില്‍ മയക്കുമരുന്നുമായി പിടികൂടിയത് 77 പേര്‍; മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചത് 193 പേരെ; പിടിയിലായത് ലഹരി മാഫിയക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍; ഇടുക്കിയിലും പരിശോധന
കൊച്ചി: നഗരത്തില്‍ ലഹരി മാഫിയകളുടെ ഉന്നം ശക്തമായി തുടരുന്നതിന്റെ തെളിവായി പൊലീസ് നടത്തിയ ബഹുഭാഗ പരിശോധനയില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍. ഒറ്റരാത്രിയില്‍ തന്നെ 77 പേര്‍ മയക്കുമരുന്നുമായി പിടിയിലായതോടെ കൊച്ചിയില്‍ ലഹരിക്കടത്ത് ശൃംഖല വീണ്ടും ചര്‍ച്ചയാകുന്നു. നഗരത്തിലെ വിവിധ മേഖലകളില്‍ ഒളിവില്‍ പ്രവര്‍ത്തിച്ച ലഹരി മാഫിയ സംഘങ്ങളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘത്തെ വിന്യസിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 193 പേരെയും പിടികൂടി. രാത്രി 10 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയാണ് പരിശോധന നടന്നത്.
ലഹരി മാഫിയക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിലും വ്യാപക പൊലീസ് പരിശോധന. ജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണുപ്രദീപിന്റെ ഉത്തരവില്‍ ബസ് സ്റ്റാന്‍ഡുകളും ലോഡ്ജുകളുമടക്കം വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ രാത്രി ഒരേ സമയമാണ് പരിശോധന നടന്നത്. പൊലീസിനൊപ്പം, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ വിവിധ സ്‌ക്വാഡുകളും ചേര്‍ന്നായിരുന്നു സംയുക്ത പരിശോധന. വരും ദിനങ്ങളിലും പരിശോധന തുടരുമെന്ന് തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ അറിയിച്ചു.
സംസ്ഥാനത്ത് വ്യാപകമായി ലഹരി ഉപയോഗത്തിന്റെ കേസുകളും അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ലഹരിവേട്ട. കഴിഞ്ഞ ദിവസം കോഴിക്കോട് പൊലീസിനെ കണ്ട പരിഭ്രാന്തിയില്‍ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചിരുന്നു. കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുന്നതിനിടയിലാണ് മരണം.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷാനിദ് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയത്. അമ്പാഴത്തോട് അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന യുവാവ് പൊലീസിനെ കണ്ടപ്പോള്‍ കയ്യിലിരുന്ന പാക്കറ്റ് വിഴുങ്ങുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ ഷാനിദിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് ഷാനിദിനെ മെഡിക്കല്‍ കോളേജിലെത്തിച്ച് എന്‍ഡോസ്‌കോപ്പി പരിശോധനയും രക്തപരിശോധനയും നടത്തി. ഈ പരിശോധനയിലാണ് യുവാവിന്റെ വയറ്റില്‍ എംഡിഎംഎ തരികളടങ്ങിയ രണ്ട് പാക്കറ്റുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്.