പാറ തുരക്കാനുപയോഗിക്കുന്ന ജാക്ക് ഹാമര്‍ ഉപയോഗിച്ച് കൊലപാതകം; മാറനല്ലൂര്‍ ഇരട്ടകൊലപാതകത്തില്‍ പ്രതി അരുണ്‍ രാജ് കുറ്റക്കാരന്‍; ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ച് കോടതി; 25 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും ഉത്തരവില്‍

മാറനല്ലൂര്‍ ഇരട്ടക്കൊല: പ്രതി അരുണ്‍ രാജിന് ജീവപര്യന്തം

Update: 2025-03-11 12:29 GMT

തിരുവനന്തപുരം: മാറനല്ലൂരിലെ ഇരട്ടകൊലപാതകത്തില്‍ പ്രതി അരുണ്‍ രാജിന് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 25 വര്‍ഷം വരെ പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 2021 ഓഗസ്റ്റിലാണ് പ്രതി അരുണ്‍ രാജ് മൂലക്കോണം സ്വദേശി സന്തോഷ്, പോങ്ങുംമൂട് സ്വദേശി സജീഷ് എന്നിവരെ കൊലപ്പെടുത്തിയത്.

മൂലക്കോണം കുക്കിരിപ്പാറ ക്വാറിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ക്വാറിയില്‍ പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയും കൊല്ലപ്പെട്ട സന്തോഷും സജീഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പാറ ക്വാറിയുടെ നടത്തിപ്പുകാരനായിരുന്നു സന്തോഷ്.

ഈ പാറമടയിലെ തൊഴിലാളിലും സുഹൃത്തുമായിരുന്നു കൊല്ലപ്പെട്ട സജീഷ്. അരുണ്‍ രാജും സുഹൃത്തുക്കളും ചേര്‍ന്ന് അനധികൃതമായി പാറപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് മാറനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സന്തോഷ് പ്രതിയെ മര്‍ദിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ ചെന്നെത്തിയത്.

സംഭവ ദിവസം രാത്രി സന്തോഷിന്റെ വീട്ടില്‍ നടന്ന മദ്യപാന സല്‍ക്കാരത്തില്‍ പ്രതി അരുണ്‍ രാജും പങ്കെടുത്തിരുന്നു. പാറ തുരക്കാനുപയോഗിക്കുന്ന ജാക്ക് ഹാമര്‍ ഉപയോഗിച്ചായിരുന്നു കൊലപാതകം. സന്തോഷിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ വടിവാളും കരുതിയിരുന്നു. കൂട്ടുകാര്‍ പിരിഞ്ഞ ശേഷം സന്തോഷിന്റെ വീട്ടുമുറ്റത്തു ഉണ്ടായിരുന്ന കമ്പികൊണ്ട് അരുണ്‍രാജ് സജീഷിന്റെയും സന്തോഷിന്റെയും തലയ്ക്കടിച്ചു വീഴ്ത്തി.

ഇതിനിടെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ സന്തോഷിനെ പ്രതി വടിവാള്‍കൊണ്ട് കഴുത്തില്‍ വെട്ടി. അടികൊണ്ടു തലയ്ക്ക് മാരക പരിക്കേറ്റ സന്തോഷും സജീഷും സംഭവ സ്ഥലത്തുവച്ചു മരിച്ചു. കഴുത്തിന് വിടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൃത്യത്തിനു ശേഷം പുലര്‍ച്ചെ പ്രതി മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ അജികുമാര്‍ ഹാജരായി.

Tags:    

Similar News