കടയ്ക്കല്‍ ദേവീക്ഷേത്രത്തിന് പിന്നാലെ ആല്‍ത്തറ ദേവി ക്ഷേത്രത്തിലെ ഉത്സവം 'പാര്‍ട്ടി പരിപാടി'യാക്കാന്‍ നീക്കം; പാര്‍ട്ടി കൊടിതോരണങ്ങള്‍ ക്ഷേത്ര പരിസരത്ത് ഉയര്‍ന്നതോടെ പരാതിയുമായി ഭാരവാഹികള്‍; മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി
ആല്‍ത്തറ ദേവി ക്ഷേത്രത്തിലെ ഉത്സവം 'പാര്‍ട്ടി പരിപാടി'യാക്കാന്‍ നീക്കം
തിരുവനന്തപുരം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം സിപിഎം അലങ്കോലമാക്കിയതിന് പിന്നാലെ തലസ്ഥാന നഗരിയിലെ ആല്‍ത്തറ ദേവി ക്ഷേത്രത്തിലെ ഉത്സവവും പാര്‍ട്ടി പരിപാടിയാക്കാന്‍ അണിയറയില്‍ നീക്കം. ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗത്തിന്റെ കൊടിതോരണങ്ങള്‍ ക്ഷേത്രപരിസരത്ത് ഉയര്‍ന്നതോടെ ക്ഷേത്രം ഭാരവാഹികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ കൊടിതോരണങ്ങള്‍ അലങ്കരിക്കാന്‍ തുടങ്ങിയതോടെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കടയ്ക്കല്‍ ക്ഷേത്രത്തിന്റെ തിരുവാതിര ഉത്സവ പരിപാടികളിലാണ് സിപിഎം നേതാക്കളുടെ തന്നിഷ്ടപ്രകാരം പാര്‍ട്ടി പ്രചരണത്തിനുള്ള വേദിയാക്കി മാറ്റിയത്. ക്ഷേത്രത്തില്‍ നടന്ന സംഗീത പരിപാടിയില്‍ സിപിഎമ്മിന്റെ പ്രചാരണത്തിനുള്ള പാട്ടുകള്‍ ഉപയോഗിച്ചതും സ്‌ക്രീനില്‍ ഡിവൈഎഫ്ഐ പതാകകളും സിപിഎമ്മിന്റെ അരിവാള്‍ ചുറ്റികയും പ്രദര്‍ശിപ്പിച്ചതുമടക്കം കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ക്ഷേത്ര ഭരണസമിതികളിലും ഉത്സവ കമ്മിറ്റികളിലും കടന്നുകൂടണമെന്ന് അംഗങ്ങള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെ ക്ഷേത്ര ഉത്സവങ്ങള്‍ പാര്‍ട്ടി പരിപാടിയാകുന്നത് നിത്യസംഭവമായി മാറി. തനത് ആചാരങ്ങളെ വികലമാക്കി പരസ്യമാക്കുന്നതും പതിവായി. ഇത് തന്നെയാണ് കടയ്ക്കല്‍ ദേവിക്ഷേത്രത്തിലും അരങ്ങേറിയത്.
ക്ഷേത്രങ്ങളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നതിനെതിരെ ഹൈക്കോടതി തന്നെ നേരിട്ട് രംഗത്ത് വന്നിരുന്നു. കടയ്ക്കല്‍ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയെ ചൊല്ലിയും വിവാദം ഉയരുന്നുണ്ട്. സംഗീത പരിപാടിയില്‍ പുഷ്പനെ അറിയാമോ, ലാല്‍സലാം എന്നീ പാട്ടുകളടക്കം പാടിയതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.