സ്വര്‍ണക്കട്ടികള്‍ ഷൂവിലും ജീന്‍സിലുമായി ഒളിപ്പിച്ചുവെച്ചു; ഇതെല്ലാം പഠിച്ചത് യൂട്യൂബ് വീഡിയോകള്‍ കണ്ടെന്ന് നടി രന്യ റാവു; സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് അജ്ഞാത സംഘങ്ങളെന്നും നടി; സ്വര്‍ണക്കടത്തുകാരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി നടിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിക്കും
സ്വര്‍ണക്കട്ടികള്‍ ഷൂവിലും ജീന്‍സിലുമായി ഒളിപ്പിച്ചുവെച്ചു
ഹൈദരാബാദ്: കര്‍ണാടകത്തില്‍ രാഷ്ട്രീയ വിവാദമായി മാറുന്ന സ്വര്‍ണ്ണക്കടത്തു കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സ്വര്‍ണ്ണം കടത്തുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി നടി രന്യ റാവു രംഗത്തുവന്നു. അജ്ഞാത സംഘങ്ങളാണ് തനിക്ക് സ്വര്‍ണം കടത്താന്‍ നിര്‍ദേശിച്ചതെന്നാണ ഇവരുടെ മൊഴി. എന്നാല്‍, ഇക്കാര്യം പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ഡിജിറ്റല്‍ തെളിവുകളുടെ സാധ്യതകള്‍ തേടുകയാണ് അന്വേഷണ സംഘം.
ആദ്യമായാണ് ദുബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന് സ്വര്‍ണക്കടത്ത് കേസില്‍ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള നടി രന്യ റാവു പറയുന്നത്. ചോദ്യം ചെയ്യലിനിടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടാണ് രന്യയെ കസ്റ്റഡിയിലെടുത്തത്. തനിക്ക് അജ്ഞാത നമ്പറുകളില്‍ നിന്ന് നിരവധി കോളുകള്‍ ലഭിച്ചിരുന്നുവെന്ന് പറഞ്ഞ രന്യ യൂട്യൂബ് വിഡിയോകള്‍ വഴിയാണ് സ്വര്‍ണം ഒളിപ്പിക്കുന്നതിനെ കുറിച്ച് മനസിലാക്കിയതെന്നും മൊഴി നല്‍കി.
കര്‍ണാടക ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന്റെ ഭാര്യയുടെ ആദ്യത്തെ ബന്ധത്തിലുള്ള മകളാണ് രന്യ. 14.2 കി.ഗ്രാം സ്വര്‍ണവുമായാണ് ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് രന്യയെ ഡി.ആര്‍.ഐ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. 12.56 കോടി രൂപയുടെ സ്വര്‍ണം ബിസ്‌കറ്റ് രൂപത്തില്‍ ദേഹത്തൊളിപ്പിച്ച് കടത്തുകയായിരുന്നു.
'മാര്‍ച്ച് ഒന്നിന് എനിക്ക് വിദേശ ഫോണ്‍ നമ്പറില്‍ നിന്ന് വിളി വന്നു. രണ്ടാഴ്ചക്കിടെ വിദേശത്തുള്ള നിരവധി അജ്ഞാത നമ്പറുകളില്‍ നിന്നും കാളുകള്‍ ലഭിച്ചു. ദുബൈ വിമാനത്താവളത്തിന്റെ മൂന്നാമത്തെ ടെര്‍മിനലിന്റെ ഗേറ്റിലേക്ക് എത്താനായിരുന്നു നിര്‍ദേശം ലഭിച്ചത്. ദുബൈ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം സ്വീകരിച്ച് ബംഗളൂരിലെത്തിക്കാനായിരുന്നു നിര്‍ദേശം കിട്ടിയത്.''-രന്യ പറഞ്ഞു.
ദുബൈയില്‍ നിന്ന് ആദ്യമായാണ് ബംഗളൂരുവിലേക്ക് സ്വര്‍ണം കടത്തുന്നത്. ദുബൈയില്‍ നിന്ന് ഇതിനു മുമ്പ് സ്വര്‍ണം വാങ്ങിച്ചിട്ട് പോലുമില്ല.-രന്യ പറഞ്ഞു. നേരത്തേ നല്‍കിയ മൊഴികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് നടിയുടെ മൊഴി. സ്വര്‍ണം കടത്തിയിട്ടില്ലെന്നും തന്നെ കുടുക്കിയതാണെന്നുമായിരുന്നു ചോദ്യം ചെയ്യലിനിടെ നേരത്തേ നടി ആവര്‍ത്തിച്ചത്. ആ മൊഴിയിലാണ് മലക്കം മറച്ചില്‍ സംഭവിച്ചത്.
സ്വര്‍ണം ശരീരത്തില്‍ ഒട്ടിച്ചുവെക്കാനുള്ള ബാന്‍ഡേജും കത്രികയും വിമാനത്താവളത്തില്‍ നിന്ന് വാങ്ങി. വിമാനത്താവളത്തിലെ വിശ്രമമുറിയില്‍ പോയി സ്വര്‍ണക്കട്ടികള്‍ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ചു. ''രണ്ടു പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ പായ്ക്കറ്റുകളായാണ് സ്വര്‍ണം കിട്ടിയത്. ജീന്‍സിനും ഷൂവിനും അകത്തായാണ് സ്വര്‍ണം ഒളിപ്പിച്ചത്. ഇതെല്ലാം യൂട്യൂബ് വിഡിയോകളില്‍ നിന്ന് മനസിലാക്കിയത്.''-രന്യ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്തിനായി നിയോഗിച്ച സംഘങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അവര്‍ തുറന്നുപറഞ്ഞു. ആഫ്രിക്കന്‍-അമേരിക്കന്‍ ശൈലിയിലായിരുന്നു വിളിച്ചയാളുടെ സംസാരം. സുരക്ഷാ പരിശോധനക്ക് ശേഷം അയാള്‍ സ്വര്‍ണം കൈമാറി. ഇതിന് മുമ്പ് അയാളെ കണ്ടിട്ടില്ല. അയാള്‍ക്ക് ആറടി നീളം കാണും. നല്ല വെളുത്ത നിറമാണ്. അജ്ഞാതനായ മറ്റൊരു വ്യക്തിക്ക് സ്വര്‍ണം കൈമാറാനാണ് എന്നോട് പറഞ്ഞത്. വിമാനത്താവളത്തിലെ ടോള്‍ ഗേറ്റില്‍ എത്തിയാലുടന്‍ സര്‍വീസ് റോഡിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെ ഒരു ഓട്ടോറിക്ഷ നിര്‍ത്തിയിട്ടുണ്ടാകുമെന്നും അതാണ് സിഗ്‌നലെന്നും പറഞ്ഞു. എന്നാല്‍ ഓട്ടോയുടെ നമ്പര്‍ വെളിപ്പെടുത്തിയില്ല.''-നടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ജതിന്‍ വിജയ് കുമാറിന്റെ ക്രെഡിറ്റ് കാര്‍ഡാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. ഫോട്ടോഗ്രാഫിക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസിനുമാണ് വിദേശത്ത് പോകാറുള്ളത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും നടി പറഞ്ഞു. സ്വര്‍ണക്കടത്തുകാരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി നടിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പരിശോധിക്കുകയാണ് അന്വേഷണ സംഘം.