ബാറില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം; തലച്ചോറില്‍ രക്തസ്രാവം; ക്രിമിനല്‍ കേസ് പ്രതികളായ ഇരട്ട സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് ഇലവുംതിട്ട പോലീസ്

ബാറില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിന് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

Update: 2025-03-26 17:02 GMT

പത്തനംതിട്ട: ബാറില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ യുവാവിനെ മര്‍ദിച്ച് മൃതപ്രായനാക്കിയ നാലംഗസംഘത്തിലെ ക്രിമിനല്‍ കേസ് പ്രതികളായ ഇരട്ട സഹോദരങ്ങളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി ആലക്കോട് കുന്നംമ്പള്ളികുഴിയില്‍ വീട്ടില്‍ ജിജോ ജോണി (38)നെ മര്‍ദ്ദിച്ച കേസില്‍ പക്കാനം വലിയവട്ടം കുന്നും പുറത്ത് വീട്ടില്‍ വിഷ്ണു എന്ന ശേഷാസെന്‍ (37),ഇരട്ട സഹോദരനായ കണ്ണന്‍ എന്ന് വിളിക്കുന്ന മായാസെന്‍ ( 37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 23 ന് ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് ഉള്ളവരുമാണ് പിടിയിലായ പ്രതികള്‍. പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളെ ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം, ഡാന്‍സാഫ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രക്കാനത്ത് വച്ചാണ് അപകടകാരികളായ ഇരട്ടസഹോദരന്‍മാരെ ഡാന്‍സാഫ് സംഘം സാഹസികമായി കീഴടക്കിയത്. പ്രതികള്‍ ചെറുത്തു നില്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.

ഭക്ഷണം കഴിച്ചിറങ്ങിയ ജിജോ ജോണിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് നാല്‍വര്‍ സംഘം ആക്രമിച്ചത്. അറസ്റ്റിലായവര്‍ ഒന്നും രണ്ടും പ്രതികളാണ്, മൂന്നും നാലും പ്രതികളായ സുധി, സജിത്ത് എന്നിവരെപ്പറ്റി ഇലവുംതിട്ട പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അസഭ്യം വിളിച്ചുകൊണ്ട് ശേഷാസെന്‍ ജിജോയുടെ മുഖത്ത് ആദ്യം കൈകൊണ്ടിടിക്കുകയായിരുന്നു. തുടര്‍ന്ന്, മായാസെന്‍ ചവുട്ടി താഴെയിട്ടു. പിന്നീട്, ശേഷാസെന്‍ സോഡാ കുപ്പികൊണ്ട് വലത് ചെവിക്ക് മുകളില്‍ അടിച്ചു. മറ്റു രണ്ടു പ്രതികള്‍ ചേര്‍ന്ന് മുഖത്തും തലയിലും മര്‍ദ്ദിക്കുകയും, ചവിട്ടുകയും ചെയ്തു. ശേഷാസെന്‍ പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു, മുഖത്തടിച്ചു. ജിജോയുടെ ഇടതു കണ്ണിന് നീരുവയ്ക്കുകയും, തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയും ചെയ്തു.

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന ജിജോയുടെ മൊഴി എസ് സി പി ഓ ധനൂപ് രേഖപ്പെടുത്തി. തുടര്‍ന്ന് എസ്ഐ പി എന്‍ അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന്, എസ് എച്ച് ഓ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം വ്യാപകമാക്കി. സംഭവസ്ഥലത്തു നിന്നും ആക്രമിക്കാന്‍ ഉപയോഗിച്ച സോഡാകുപ്പി കണ്ടെടുത്തു. ജിജോയെ ചികില്‍സിച്ച ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. വൈകിട്ട് ഏഴിന് പിടികൂടിയ പ്രതികളെ വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റസമ്മതം നടത്തിയ പ്രതികളുടെ അറസ്റ്റ് രാത്രി 11 ന് ശേഷം രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കൈവശമുണ്ടായിരുന്ന സ്‌കൂട്ടര്‍, കുറ്റകൃത്യത്തില്‍ ഉപയോഗിച്ചതെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് പിടിച്ചെടുത്തു.

ശേഷാസെന്‍ പോലീസിനെ ആക്രമിച്ചതിനെടുത്തത് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളിലും, മായാസെന്‍ 10 ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. നിരന്തരം അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ഇരട്ട സഹോദരന്മാര്‍ ജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരമായി ഭംഗമുണ്ടാക്കി വരികയാണ്. കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍, ദേഹോപദ്രവം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് വില്പനക്കായി കൈവശംവയ്ക്കല്‍, പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായി.

മിക്ക കുറ്റകൃത്യങ്ങളും ഇരുവരും ഒരുമിച്ചാണ് ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ കേസിന് പുറമെ ശേഷാസെന് ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ മാത്രം ആറു കേസുകളും, മായാസെന് 4 കേസുകളുമുണ്ട്. ഇലവുംതിട്ടക്ക് പുറമേ ഏനാത്ത് ചിറ്റാര്‍ പത്തനംതിട്ട, ആറന്മുള, പത്തനംതിട്ട എക്സൈസ് എന്നിവിടങ്ങളിലാണ് ക്രിമിനല്‍ കേസുകളുള്ളത്. ഇരുവരും പ്രതിയായ കഞ്ചാവ് കേസ് പത്തനംതിട്ട എക്സൈസ് രജിസ്റ്റര്‍ ചെയ്തതാണ്. 2018 മുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടുവരികയാണ് പ്രതികള്‍. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News