വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തി; ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവര്‍ നടത്തിയത് കൊടിയ പീഡനം; ആ അഞ്ചു പേരേയും പിടിച്ച 45-ാം ദിവസം കുറ്റപത്രം; കോട്ടയം നേഴ്‌സിങ് കോളേജിലെ റാഗിങ് വില്ലന്മാര്‍ക്ക് കുരുക്കു മുറകും; കേരളാ പോലീസിന് കൈയ്യടിക്കാം; കുറ്റപത്രം കോടതിയില്‍ എത്തുമ്പോള്‍
കോട്ടയം: നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ്ങ് അതിക്രൂരമെന്ന് കുറ്റപത്രം. ആതുര സേവന രംഗത്ത് മാതൃകയാകേണ്ടവരാണ് പ്രതികളായവരെന്നും അവര്‍ നടത്തിയത് കൊടിയ പീഡനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണ സംഘം കുറ്റപത്രം ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കും. അതിവേഗമാണ് കുറ്റപത്രം നല്‍കുന്നത്. ഇതിലൂടെ പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള സാധ്യത കൂടിയാണ് അടയുന്നത്. വിചാരണയും ഉടന്‍ തുടങ്ങിയേക്കും. ആവശ്യമെങ്കില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കും. സിപിഎം അനുകൂല വിദ്യാര്‍ത്ഥി സംഘടനയില്‍ പെട്ടവരാണ് പ്രതികള്‍. എന്നിട്ടും പോലീസ് അതിവേഗം കാര്യങ്ങള്‍ നീക്കി.
വേദന കൊണ്ട് വിദ്യാര്‍ഥികള്‍ പുളയുമ്പോള്‍ പ്രതികള്‍ അതില്‍ ആനന്ദം കണ്ടെത്തിയെന്നും ഇരകളായവരില്‍ നിന്ന് മദ്യപിക്കാനായി നിരന്തരം പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നു എന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. കോളജില്‍ പ്രവേശന സമയത്ത് വിദ്യാര്‍ഥികള്‍ നല്‍കിയ ആന്റി റാഗിങ്ങുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കൊടിയ പീഡനമെന്നും പ്രതികള്‍ കഴിഞ്ഞ നവംബര്‍ മാസം മുതല്‍ റാഗിങ് നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രതികള്‍. മുന്‍പും റാഗിങ് നടത്തിയിട്ടുണ്ടെങ്കിലും ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം മറ്റാരും അത് അറിഞ്ഞിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനയും പൊലീസ് നടത്തിയിരുന്നു. ഇതും നിര്‍ണ്ണായക തെളിവായി മാറും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ് കുറ്റപത്രം നല്‍കുന്നത്.
സീനിയര്‍ വിദ്യാര്‍ഥികളായ സാമുവല്‍,ജീവ, റിജില്‍ ജിത്ത്, രാഹുല്‍ രാജ്,വിവേക് എന്നിവരാണ് പ്രതികള്‍. നവംബര്‍ മുതല്‍ നാല് മാസമാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി ഉപദ്രവിച്ചത്. പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരെന്നും ലഹരി ഉപയോഗത്തിന് ഇരകളായ വിദ്യാര്‍ഥികളില്‍ നിന്ന് പണം പിരിച്ചുവെന്നുംകുറ്റപത്രത്തില്‍ പറയുന്നു. ഒരു വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവാണ്. പ്രതികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കൂടാതെ പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും റാഗിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടി. കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണുള്ളത്. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസ് വിചാരണയിലേക്ക് കടക്കും.
ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളുമുണ്ടായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍.
ഫെബ്രുവരി പതിനൊന്നിന് രാത്രിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പന്ത്രണ്ടാം തീയതി അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് പറഞ്ഞു.