തട്ടിയത് 100 കോടിയിലേറെ; ചെലവഴിച്ചത് ആഡംബരത്തിന്, ഗോവന്‍ കാസിനോകളില്‍ കളിച്ചുകളഞ്ഞത് 50 കോടിയോളം; എബിന്റേയും ശ്രീരഞ്ജിനിയുടേയും തട്ടിപ്പിന്റെ നേരറിയാന്‍ സിബിഐ എത്തുമ്പോള്‍ വഞ്ചിതരായവര്‍ പ്രതീക്ഷയില്‍; മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് കേസില്‍ ട്വിസ്റ്റുണ്ടാകുമോ?

Update: 2025-04-28 07:18 GMT

കൊച്ചി: കാക്കനാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. നേരത്തെ 30.41 കോടി രൂപയുടെ സ്വത്തുക്കള്‍ മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ ഓഹരി നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസ് (40), ഭാര്യ എ. ശ്രീരഞ്ജിനി എന്നിവരുടെ പേരിലുള്ള സ്വത്താണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കണ്ടുകെട്ടിയത്. ഇവര്‍ക്കെതിരായാണ് സിബിഐ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ഇതോടെ.

മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് ജനങ്ങളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച് അവരെ വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂാലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടര്‍ന്ന് ദുബായിയിലേക്കു കടന്ന എബിന്‍ വര്‍ഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. പിന്നീട് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഇത് അനുസരിച്ചാണ് സിബിഐ എഫ് ആര്‍ ഇട്ടത്. മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് വന്‍തോതില്‍ നിക്ഷേപം സ്വീകരിച്ച ശേഷം വഞ്ചിച്ചുവെന്ന് ഇ.ഡി. അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്.

ഓഹരി വ്യാപാരത്തിലൂടെ നിക്ഷേപങ്ങള്‍ക്ക് വന്‍ ലാഭം നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 18-24 ശതമാനം വരെ പലിശയും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു. തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്ന് നിക്ഷേപകര്‍ക്ക് തെറ്റായ ഉറപ്പ് നല്‍കിയിരുന്നതായും ഇ.ഡി. കണ്ടെത്തുകയും ചെയ്തു. മാസ്റ്റേഴസ് ഫിന്‍സെര്‍വിന്റെ പേരില്‍ മാത്രം 73.90 കോടി രൂപ എബിന്‍ സ്വന്തമാക്കിയതായാണ് ഇ.ഡി.യുടെ പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ ചെറിയ തുക മാത്രമാണ് എബിന്‍ ഓഹരി വ്യാപാരത്തിന് ഉപയോഗിച്ചിരുന്നത്. ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിക്കൂട്ടിയതായും ഗോവയിലെ കാസിനോ ഓപ്പറേറ്റര്‍ കമ്പനികള്‍ക്കും ഓണ്‍ലൈന്‍ കാസിനോ ഓപ്പറേറ്റര്‍മാര്‍ക്കും ഈ തുക നല്‍കിയതായും ഇ.ഡി. വ്യക്തമാക്കിയിരുന്നു..

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) സാമ്പത്തിക വഞ്ചനകുറ്റങ്ങളിലെ ഇരകള്‍ക്കു നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കേരളത്തില്‍ മാത്രം പതിനായിരത്തില്‍ അധികം നിക്ഷേപകര്‍. അതില്‍ ഈ തട്ടിപ്പിന് ഇരയായവരും ഉണ്ട്. പണം തിരികെ ലഭിച്ച തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളജ് സീറ്റ് തട്ടിപ്പു കേസിനു പുറമേ, കരുവന്നൂര്‍ സഹകരണബാങ്ക് വായ്പ തട്ടിപ്പ്, കണ്ടല സഹകരണബാങ്ക് വായ്പ തട്ടിപ്പ്, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്, ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി തട്ടിപ്പ്, കേച്ചേരി സാമ്പത്തിക തട്ടിപ്പ്, മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വ് തട്ടിപ്പ്, സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് പ്രതിയായ സാമ്പത്തിക തട്ടിപ്പ് എന്നീ കേസുകളില്‍ ഇരകള്‍ക്കു നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുള്ള നിയമനടപടികള്‍ ഇ.ഡി തുടങ്ങിയിട്ടുണ്ട്.

പാതിവില തട്ടിപ്പു കേസിലെ ഇരകളും പണം തിരികെ ലഭിക്കാന്‍ ഇ.ഡി പ്രത്യേക കോടതിയെ സമീപിക്കുന്ന സാഹചര്യമുണ്ടായാല്‍ പരാതികളുടെ എണ്ണം പലമടങ്ങാകും. കരുവന്നൂര്‍ കേസില്‍ 128 കോടി രൂപയും കേച്ചേരി തട്ടിപ്പു കേസില്‍ 1.34 കോടി രൂപ തിരിച്ചു നല്‍കാനുള്ള നടപടികളാണു നടത്തുന്നത്. തിരുവനന്തപുരം കണ്ടല ബാങ്ക് കേസില്‍ പ്രതികളുടെ 1.02 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. മാസ്റ്റേഴ്‌സ് ഫിന്‍സര്‍വ് തട്ടിപ്പു കേസില്‍ പ്രതികളുടെ 30.41 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ 4 കോടി രൂപയ്ക്കുള്ള അപേക്ഷകള്‍ നേരത്തെ തന്നെ ലഭിക്കുകയും ചെയ്തു.

2013ല്‍ തൃക്കാക്കരയില്‍ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ് എന്ന സ്ഥാപനമാണ് ഇവര്‍ ആദ്യം ആരംഭിച്ചത്. ഓഹരി വിപണിയില്‍ 2017 വരെ പണം നിക്ഷേപിച്ച് ഇടപാടുകള്‍ നടത്തിയിരുന്നു. മാസ്റ്റേഴ്സ് ക്ലബ്ബ് എന്ന പേരില്‍ എറണാകുളം കേന്ദ്രീകരിച്ചാണ് ക്രിക്കറ്റ് ടീം രൂപവത്കരിച്ചത്. ജില്ലയുടെ വിവിധയിടങ്ങളിലായി മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചു. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികള്‍, സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നാണ് കോടികള്‍ തട്ടിയെടുത്തത്. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിന്‍കോര്‍പ്പ്, മാസ്റ്റേഴ്സ് ഫിന്‍ സെര്‍വ്, മാസ്റ്റേഴ്സ് ഫിന്‍ കെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്.

Tags:    

Similar News