ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയെയും കുടുക്കിയത് ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകര്‍; ഫ്ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം കൈമാറിയത് കഥപറയാന്‍ എത്തിയ യുവാവ്; കഞ്ചാവു കേസിലെ സംവിധായകരുടെ അറസ്റ്റില്‍ ഞെട്ടിയത് സിനിമയിലെ പതിവു ലഹരിക്കാര്‍
ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയെയും കുടുക്കിയത് ഫ്‌ലാറ്റിലെ നിത്യസന്ദര്‍ശകര്‍
കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും പിടികൂടിയ സംഭവത്തില്‍ എക്സൈസിന് വിവരം നല്‍കിയത് ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകരായുള്ളവരെന്നാണ് വിവരം. ഈ ഫ്ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് എക്സൈസിന് ലഭിച്ച വിവരം. ഇത് അനുസരിച്ചു പരിശോധനക്ക് എത്തിയപ്പോള്‍ വിവരത്തെ ശരിവെക്കുന്ന വിധത്തിലാണ് സംഭവങ്ങള്‍ ഉണ്ടായതും.
ഇവിടെ സംവിധായകരോട് കഥ പറയാന്‍ എത്തിയ യുവാവാണ് എക്സൈസിന് വിവരം കൈമാറിയത്. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിന്റെ ഉടമസ്ഥതയിലുള്ള മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്നാണ് സംവിധായകരെ പിടികൂടിയത്. അതേസമയം, സംവിധായകരില്‍ നിന്നും പിടിച്ചെടുത്ത വസ്തുക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് അന്വേഷണം സ്‌ക്വാഡ് സിഐ ശ്രീരാജിനാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമീര്‍ താഹിറിന് നോട്ടീസ് നല്‍കുമെന്ന് എക്സൈസ് അറിയിച്ചു. സംവിധായകര്‍ക്ക് കഞ്ചാവ് കൈമാറിയ എറണാകുളം സ്വദേശിക്കായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും പിടികൂടിയത്. ഇവര്‍ക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു. .50 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. കസ്റ്റഡയിലെടുത്ത ശേഷം ഇരുവരേയും ജാമ്യത്തില്‍ വിട്ടു.
അതിനിടയില്‍, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും എക്‌സൈസ് ചോദ്യം ചെയ്യകയാണ്. കേസിലെ ഒന്നാം പ്രതി തസ്ലീമ സുല്‍ത്താനുമായുള്ള ഇരുവരുടെയും ലഹരി ഇടപാടുകളില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി 40 ഓളം ചോദ്യങ്ങള്‍ അടങ്ങുന്ന പ്രത്യേക ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇടപാടില്‍ താരങ്ങള്‍ക്കും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ കേസില്‍ പ്രതികളാക്കാന്‍ സാധ്യതയുണ്ട്. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാല്‍ അറസ്റ്റു അടക്കമുള്ള നടപടികളിലേക്കും കടന്നേക്കും. ഇതുവരെയുള്ള ചോദ്യം ചെയ്യലിലൂടെ ലഭ്യമായ ഡിജിറ്റല്‍ തെളിവുകളെ ആധാരമാക്കിയാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം സംവിധായകരുടെ അറസ്റ്റ് സിനിമാ രംഗത്ത് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ലഹരി ഉപയോഗം പതിവാക്കിയവാണ് ഇതോടെ കൂടുതല്‍ ഞെട്ടിയിരിക്കുന്നത്. ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ത്തതെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍ വ്യക്തമക്കി. എങ്കിലും നിയമാനുസൃതമായ നടപടികളില്‍ ഒരെതിര്‍പ്പും ഇല്ലെന്ന് സിബി മലയില്‍ പറഞ്ഞു. ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണെന്നും ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തില്‍ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും സിബി മലയില്‍ ഓര്‍മപ്പെടുത്തി.
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും ഫെഫ്ക കഴിഞ്ഞ ദിവസം സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിരുന്നു.കേസ് അന്വേഷണ പുരോഗതി അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ലഹരിയില്‍ വലുപ്പചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ നേരത്തെ അറിയിച്ചിരുന്നു.