കൊടുവളളിയില്‍ വിവാഹസംഘത്തിന്റെ ബസിന് നേരേ ആക്രമണം; പിടികൂടാന്‍ ശ്രമിക്കവെ പോലീസുകാരെ ആക്രമിച്ച് പ്രതികള്‍; മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു; ആട് ഷമീറിനെയും സംഘത്തെയും പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി
കൊടുവളളിയില്‍ വിവാഹസംഘത്തിന്റെ ബസിന് നേരേ ആക്രമണം
കോഴിക്കോട്: കൊടുവള്ളിയില്‍ വിവാഹസംഘത്തിന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയത് നാട്ടുകാരുടെ സഹായത്തോടെ സാഹസികമായി. കൊളവയല്‍ അസീസ്, ആട് ഷമീര്‍, അജ്മല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിനിടയില്‍ മൂന്ന് പൊലീസുകാര്‍ പരിക്കേറ്റു.
വിവാഹ സംഘം സഞ്ചരിച്ച ബസിന് നേര്‍ക്ക് പടക്കമെറിഞ്ഞാണ് പ്രതികള്‍ ആക്രമണം നടത്തിയത്. പുറത്തിറങ്ങിയവരെ ക്രൂരമായി മര്‍ദിച്ചു. ബസ് കാറില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. കൊടുവള്ളി വെണ്ണക്കാടാണ് സംഭവമുണ്ടായത്. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആട് ഷമീര്‍, കൊളവയല്‍ അസീസ് എന്നിവര്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൊടുവള്ളിയില്‍ ഇവര്‍ക്കെതിരെ മുമ്പ് വധശ്രമത്തിനും കേസുണ്ട്. പ്രവാസിയെയാണ് വധിക്കാന്‍ ശ്രമിച്ചത്. അജ്മലിനെതിരെയുള്ളത് 11 കേസുകളാണ്. അക്രമത്തില്‍ പങ്കാളിയായ അമല്‍ എന്നയാളെയാണ് ഇനി പിടികൂടാനുളളത്.
പ്രതികള്‍ എങ്ങോട്ടാണ് സഞ്ചരിച്ചത് എന്ന കാര്യം പരിശോധിക്കുകയാണ്. നാട്ടുകാര്‍ക്ക് നേരെ എറിഞ്ഞ ബോംബ് പോലെയുള്ള സ്‌ഫോടക വസ്തു എന്താണെന്ന് വിശദമായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കൊടുവള്ളി വെണ്ണക്കാടില്‍ വിവാഹസംഘം സഞ്ചരിച്ച ബസിന് നേരേ പടക്കം എറിഞ്ഞായിരുന്നു ആക്രമണം. വാഹനം ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു.ബസിന്റെ ഡ്രൈവറെയും ക്ലീനറെയും പ്രതികള്‍ ആക്രമിച്ചു. ഡ്രൈവറെയും ക്ലീനറെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
പന്നിപടക്കമാണ് ബസിന് നേരെയെറിഞ്ഞത്. ഇരുമ്പുവടി ഉപയോഗിച്ച് പ്രതികള്‍ ബസിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. മൂന്ന് പടക്കമാണ് ആകെ എറിഞ്ഞത്. അതിലൊന്ന് സമീപത്തുള്ള പെട്രോള്‍ പമ്പിലാണ് വീണത്. തുടര്‍ന്ന് പോലീസ് എത്തി ഈ പടക്കം നിര്‍വീര്യമാക്കി. പമ്പിന് സമീപത്തുള്ള കല്യാണ ഓഡിറ്റോറിയത്തിലേക്കാണ് ബസ് എത്തിയത്. വിവാഹത്തിനെത്തിയ ആളുകളെ അവിടെ ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ ഗതാഗത കുരുക്കുണ്ടായി. ഇതിനിടെ ബസ് മറ്റൊരു വാഹനത്തില്‍ ഉരസി. ഇതില്‍ പ്രകോപിതരായാണ് പ്രതികള്‍ ബസിന് നേരേ അക്രമം അഴിച്ചുവിട്ടത്.