ആദ്യം ലഹരി കേസില്‍ പിടിയിലായി; ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദന കേസും; പഞ്ചാബിലെ മുന്‍പോലിസുകാരിയുടെ ഒന്നര കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി വിജിലന്‍സ്: പിടിയിലായത് ഇന്‍സ്റ്റഗ്രാം താരവും മയക്കു മരുന്ന് കേസിലെ പ്രതിയുമായ അമന്‍ദീപ് കൗര്‍
ആദ്യം ലഹരിക്കേസ്, ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസ്; പൊലീസുകാരി അറസ്റ്റിൽ
ലുധിയാന: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പഞ്ചാബിലെ മുന്‍ പോലീസുകാരി അറസ്റ്റില്‍. മയക്കു മരുന്നു കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചു വിട്ട പഞ്ചാബ് പൊലീസിലെ മുന്‍ കോണ്‍സ്റ്റബിളും ഇന്‍സ്റ്റഗ്രാം താരവുമായ അമന്‍ദീപ് കൗറിനെയാണ് പഞ്ചാബ് വിജിലന്‍സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. ജോലിയലിരിക്കെ ഇവര്‍ സമ്പാദിച്ച ഒന്നര കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കള്‍ മരവിപ്പിച്ചു. മഹീന്ദ്ര ഥാര്‍, റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് തുടങ്ങിയ വാഹനങ്ങളും രണ്ട് ഐഫോണുകളും റോളക്സ് വാച്ചും പിടിച്ചെടുത്തു.
മന്‍ദീപ് കൗറിന്റെ 1.35 കോടിയോളം രൂപ വിലവരുന്ന വസ്തുവകകള്‍ പഞ്ചാബ് വിജിലന്‍സ് കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ബത്തിന്‍ഡയിലെ രണ്ടിടത്തായുള്ള ഭൂമിയും ഇതില്‍ ഉള്‍പ്പെടും. ഇവരുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് പോലിസില്‍ കോണ്‍സ്റ്റബിളായിരിക്കെ 2018നും 2025 നും ഇടയില്‍ ഇവര്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇക്കാലയളവില്‍ ഇവര്‍ സമ്പാദിച്ച സ്വത്തുക്കളുടെ വിശദാംശങ്ങളും ശമ്പളം, ബാങ്ക് അക്കൗണ്ടുകള്‍, വായ്പ രേഖകള്‍ എന്നിവയും അന്വേഷണത്തിനിടെ പരിശോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പോലിസ് കോണ്‍സ്റ്റബിള്‍ എന്നതിലുപരി റീല്‍സ് താരമായാണ് ഇവര്‍ പഞ്ചാബിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതലായി അറിയപ്പെട്ടത്. പോലിസ് യൂണിഫോം ധരിച്ചുള്ള റീലുകള്‍ അധികരിച്ചതോടെയാണ് ഇവര്‍ നോട്ടപ്പുള്ളിയായതും മയക്കു മരുന്നു കേസില്‍ അറസ്റ്റിലാവുന്നതും. സമൂഹമാധ്യമങ്ങളില്‍ 'ഇന്‍സ്റ്റാഗ്രാം ക്വീന്‍' എന്നറിയപ്പെടുന്ന ഇവരുടെ 'താര്‍ വാലി കോണ്‍സ്റ്റബിള്‍' എന്ന അക്കൗണ്ടില്‍ നിരവധി വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് വീഡിയോകള്‍ ഷൂട്ട് ചെയ്യുന്നതിനോ പങ്കിടുന്നതിനോ വിലക്കുണ്ട്. എന്നാലിവര്‍ പൊലീസ് യൂണിഫോം ധരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ റീലുകള്‍ അപ്ലോഡ് ചെയ്യാറുണ്ടായിരുന്നു. പഞ്ചാബ് പൊലീസിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നതായിരുന്നു ഇത്. പൊലീസിനെ പരിഹസിക്കുന്ന പാട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോകളും ഇവര്‍ പങ്കുവെച്ചിരുന്നു.
ഈ വര്‍ഷം ആദ്യം ഹെറോയിന്‍ കേസില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അമന്‍ദീപ് വാര്‍ത്തകളില്‍ ഇടം നേടിയത്. 2025 ഏപ്രിലില്‍ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് പ്രകാരം അറസ്റ്റിലായതിനെത്തുടര്‍ന്ന് ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ബത്തിന്‍ഡയിലെ ബാദല്‍ ഫ്‌ലൈഓവറിന് സമീപം പതിവ് പരിശോധനയ്ക്കിടെ അവരുടെ ഥാര്‍ എസ്യുവിയില്‍ നിന്ന് 17.71 ഗ്രാം ഹെറോയിന്‍ പിടികൂടുകയായിരുന്നു. ലോക്കല്‍ പൊലീസിനൊപ്പം മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്സും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.