ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്താനാകില്ല; മറ്റേതെങ്കിലും തെളിവുകള്‍ ഉപയോഗിച്ച് അത് തെളിയിക്കാം; സുപ്രധാന ഉത്തരവുമായി ബോംബെ ഹൈക്കോടതി

Update: 2025-07-09 15:25 GMT

മുംബൈ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം തെളിയിക്കുന്നതിനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനക്കേസില്‍ സുപ്രധാന നിരീക്ഷണമാണ് ബോംബെ ഹൈക്കോടതി നടത്തിയത്.

ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിക്കുന്നതുകൊണ്ടുമാത്രം പിതൃത്വം തെളിയിക്കാനായി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആര്‍.എം ജോഷിയുടെ നാഗ്പുര്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

അസാധാരണമായ കേസുകളില്‍ മാത്രമേ അത്തരമൊരു ജനിതക പരിശോധനയ്ക്ക് ഉത്തരവിടൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ തനിക്ക് വിവാഹ മോചനത്തിന് അവകാശമുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് ജൂലായ് ഒന്നിന് പുറപ്പെടുവിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു. ഭാര്യയ്ക്കെതിരേ വിവാഹേതര ബന്ധം ആരോപിക്കുകയാണെങ്കില്‍ കുട്ടിയെ പിതൃത്വപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പകരം മറ്റേതെങ്കിലും തെളിവുകള്‍ ഉപയോഗിച്ച് അത് തെളിയിക്കാമെന്ന് കോടതി പറഞ്ഞു.

കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പ്രൊഫൈലിങ് പരിശോധന നടത്താന്‍ നിര്‍ദേശിച്ച 2020 ഫെബ്രുവരിയിലെ കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞുകഴിയുന്ന ഭാര്യയും അവരുടെ 12 വയസുള്ള മകനും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതുവഴി കുടുംബ കോടതി തെറ്റുചെയ്തുവെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ താത്പര്യം പരിഗണിക്കാന്‍ കുടുംബ കോടതിക്ക് ബാധ്യതയുണ്ടായിരുന്നുവെന്നും ജസ്റ്റിസ് ജോഷിയുടെ ഉത്തരവില്‍ പറയുന്നു.

പരിശോധനയ്ക്ക് സമ്മതിക്കാനോ നിരസിക്കാനോ തീരുമാനമെടുക്കാന്‍ പോലും കഴിവില്ലാത്ത ആരെയും, പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ, രക്തപരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീംകോടതി ഉത്തരവ് പരാമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ജോഷി പറഞ്ഞു. കുട്ടിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Similar News