സി.എം.എസ് കോളേജ് മുതല്‍ പനമ്പാലം വരെ കെ എസ് യു നേതാവിന്റെ 'സാഹസിക യാത്ര'; മദ്യലഹരിയില്‍ ഓടിച്ച ഫോര്‍ച്യൂണര്‍ ഇടിച്ചുതെറിപ്പിച്ചത് എട്ട് വാഹനങ്ങള്‍; നിര്‍ത്താതെ പാഞ്ഞ വാഹനത്തിന് പിന്നാലെ നാട്ടുകാര്‍; റോഡരികിലെ മരത്തിലിടിച്ച് നിന്ന വാഹനത്തില്‍ നിന്നും മദ്യക്കുപ്പി കണ്ടെടുത്തു; കോളേജ് വിദ്യാര്‍ഥിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി
കെ എസ് യു നേതാവ് മദ്യലഹരിയില്‍ കാറോടിച്ച് ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങള്‍
കോട്ടയം: കോട്ടയം നഗരത്തില്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച് പരിഭ്രാന്തി പരത്തി കെ എസ് യു നേതാവായ കോളേജ് വിദ്യാര്‍ത്ഥി. നാലുകിലോമീറ്ററോളം മദ്യലഹരിയില്‍ കാറോടിച്ച് നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് എട്ട് വാഹനങ്ങളെ. നിര്‍ത്താതെ പാഞ്ഞുപോയ കാര്‍ മരത്തിലിടിച്ചുനില്‍ക്കുകയായിരുന്നു. പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ കാണുന്നത് അര്‍ധബോധാവസ്ഥയില്‍ കാറിനുള്ളില്‍ വിദ്യാര്‍ത്ഥി കിടക്കുന്നതാണ്. സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ പ്രതിഷേധത്തിനും വിദ്യാര്‍ത്ഥി ഇരയായി. അബോധാവസ്ഥയില്‍ വഴിയില്‍കിടക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
സിഎംഎസ് കോളേജിലെ ബി എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായ ജൂബിന്‍ ജേക്കബാണ് അപകടകരമായ വിധം വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടക്കുമ്പോള്‍ ഇയാള്‍ ലഹരിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നു. ജൂബിന്‍ കെ എസ് യു നേതാവും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ജില്ലാ ഭാരവാഹിയുമാണ്.
ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. നിരവധി വാഹനങ്ങളില്‍ ഇയാള്‍ ഓടിച്ച വാഹനം ഇടിച്ചു. കോട്ടയം സിഎംഎസ് കോളജിലെ കെ എസ് യു പ്രവര്‍ത്തകനായ ജൂബിനാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. അഞ്ച് കിലോമീറ്ററിനുള്ളില്‍ 8 വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം സി.എം.എസ് കോളേജ് മുതല്‍ പനമ്പാലം വരെയാണ് അപകടകരമായി ഫോര്‍ച്യൂണര്‍ ഓടിച്ചത്. ജൂബിന്‍ ഓടിച്ച വാഹനം നിരവധി വാഹനങ്ങളില്‍ ഇടിച്ചു. വലിയ പ്രതിഷേധമാണ് യുവാവിന് എതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. വാഹനത്തില്‍നിന്ന് പൊലീസ് മദ്യക്കുപ്പി കണ്ടെടൂത്തു. ലഹരിയിലായിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാര്‍ റേസിങ്ങിന് തുടക്കം. സിഎംഎസ് കോളേജ് റോഡിലൂടെ അമിതവേഗത്തില്‍ ഓടിച്ച കാര്‍ മുന്‍പില്‍പോയതും എതിരേവന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു. വീണ്ടും നിര്‍ത്താതെ വാഹനം ഓടിച്ചുപോയ വിദ്യാര്‍ത്ഥി ചുങ്കത്തും ചാലുകുന്നിലും കുടയംപടിയിലും കുടമാളൂരിലും വാഹനങ്ങളെ ഇടിച്ചെങ്കിലും വാഹനം നിര്‍ത്തിയില്ല. ഇതോടെ നാട്ടുകാര്‍ കാര്‍ പിന്തുടര്‍ന്നു. പാഞ്ഞുപോയ കാര്‍ പനമ്പാലത്ത് നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി.
നാട്ടുകാര്‍ ഡ്രൈവറെ പുറത്തിറക്കിയപ്പോഴാണ് വിദ്യാര്‍ത്ഥിയാണെന്നും അര്‍ധബോധാവസ്ഥയിലാണെന്നും കണ്ടെത്തിയത്. വിവരമറിഞ്ഞ് ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് പൊലീസും സ്ഥലത്തെത്തി. മരത്തിലിടിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വിദ്യാര്‍ത്ഥിയെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കെഎസ്യുവിന്റെ മുന്‍ പ്രവര്‍ത്തകനാണ് ജുബിനെന്നും സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തി സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിന് ജുബിനെ 2024ല്‍ കെ എസ് യുവിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയിരുന്നുവെന്നും നേതാക്കള്‍ അറിയിച്ചു.