ട്യൂഷന് പോയി മടങ്ങിവരുമ്പോള്‍ കാണാതായി; തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം ആവശ്യപ്പെട്ട് ഫോണ്‍ കോള്‍; പിറ്റേന്ന് 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; രണ്ട് പേര്‍ അറസ്റ്റില്‍

13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; രണ്ട് പേര്‍ അറസ്റ്റില്‍

Update: 2025-08-01 09:03 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെയാണ് വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട നിശ്ചിത്. കുട്ടിയുടെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. എട്ടുമണിയായിട്ടും നിശ്ചിത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്താത്തതിനാല്‍ മാതാപിതാക്കള്‍ ട്യൂഷന്‍ ടീച്ചറെ ബന്ധപ്പെട്ടു. ട്യൂഷന്‍ കഴിഞ്ഞ് നിശ്ചിത് മടങ്ങിയതായി ടീച്ചര്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ മകനായുള്ള തിരച്ചില്‍ ആരംഭിച്ചു.

നിശ്ചിതിന്റെ സൈക്കിള്‍ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതി നല്‍കി അധികം വൈകാതെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്. ഇതനുസരിച്ച് തട്ടിക്കൊണ്ടുപോകലിന് ഹൂലിമാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിശ്ചിതിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നിശ്ചിത് ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരുപ്പും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നിശ്ചിതിന്റെ മൃതദേഹം കണ്ടെത്തി താമസിയാതെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചു.

അറസ്റ്റുചെയ്യുന്നതിനിടെ പ്രതികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ ആത്മരക്ഷാര്‍ത്ഥം പോലീസിന് വെടിയുതിര്‍ക്കേണ്ടതായും വന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതികളായ രണ്ടുപേരെയും ജയനഗര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ അധികം വൈകാതെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന.

Tags:    

Similar News