മിഠായി കവറുകളില്‍ ഒളിപ്പിച്ചത് 23.5 കിലോ ഹൈബ്രിഡ് കഞ്ചാവ്; കോടികള്‍ വില വരുന്ന കഞ്ചാവ് സൂക്ഷിച്ചത് 16 പാക്കറ്റുകളിലാക്കി; മഷൂദ കഞ്ചാവ് കടത്തിയത് ഒരു ലക്ഷം രൂപ പ്രതിഫലത്തിന്: കയ്യോടെ പൊക്കി കസ്റ്റംസ്
23.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ;
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ യുവതി പിടിയില്‍. പയ്യന്നൂര്‍ സ്വദേശി മഷൂദ(30) യാണ് കോടികള്‍ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസിന്റെ പിടിയിലായത്. മിഠായി പാക്കറ്റുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി ഇവരെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് കസ്റ്റഡിയിലെടുത്തു. തായ്ലന്‍ഡില്‍ നിന്നാണ് ഇവര്‍ കരിപ്പൂരിലെത്തിയത്.
തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് അബുദാബിയിലെത്തി. അവിടെ നിന്നാണ് മഷൂദ കോഴിക്കോട്ടേക്ക് യാത്ര ചെയ്തതെന്നാണ് വിവരം. മിഠായികവറുകളില്‍ ഒളിപ്പിച്ചാണ് 23.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. 16 പാക്കറ്റുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. കഞ്ചാവ് ആര്‍ക്ക് കൈമാറാനാണ് ഇവര്‍ കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ല. പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.
ഹൈബ്രിഡ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മഷൂദ കാരിയര്‍ മാത്രമാണെന്നും ഒരു ലക്ഷം രൂപ പ്രതിഫലത്തിനായാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്നുമാണ് വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കഞ്ചാവുകടത്താന്‍ ശ്രമിച്ചവരിലേക്ക് എത്താനുളള ശ്രമത്തിലാണ് കസ്റ്റംസ് അധികൃതര്‍. ഇത്തിഹാദ് വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ 2.45 നാണ് മഷൂദ കരിപ്പൂരില്‍ എത്തിയത്. പരിശോധനയില്‍ കഞ്ചാവ് കണ്ടെടുക്കുക ആയിരുന്നു. വൈദ്യപരിശോധനയ്ക്കു ശേഷം മഷൂദയെ റിമാന്‍ഡ് ചെയ്തു. മഷൂദ മുന്‍പും ഇത്തരത്തില്‍ ലഹരിമരുന്നു കടത്തുന്നതില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഈ ആഴ്ച തുടക്കത്തില്‍ ഒരു കിലോ എംഡിഎംഎ കരിപ്പൂര്‍ പൊലീസും ഡാന്‍സാഫും ചേര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുനിന്നു പിടികൂടിയിരുന്നു. പത്തനംതിട്ട സ്വദേശി സൂര്യയില്‍ നിന്നാണ് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങുന്നതിനിടെ എംഡിഎംഎ പിടികൂടിയത്. ഒമാനില്‍ നിന്നെത്തിയ സൂര്യയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ മൂന്നു പേരെയും പൊലീസ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് റാഫി, അലി അക്ബര്‍, ഷെഫീക് എന്നിവരാണ് അന്നു പൊലീസ് പിടിയിലായത്. ഒമാനില്‍ നിന്ന് നൗഫല്‍ എന്നയാളാണ് സൂര്യയുടെ പക്കല്‍ എംഡിഎംഎ കൊടുത്തുവിട്ടതെന്നും പൊലീസ് കണ്ടെത്തി.