'നിന്റെ മോളുടെ നഗ്‌ന ദൃശ്യം കൈയ്യിലുണ്ട്, അത് പ്രചരിപ്പിക്കും'; ബസ് യാത്രക്കിടെ പരിചയപ്പെട്ട 15 കാരിയെ പീഡനത്തിന് ഇരയാക്കി; പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി; 19കാരന്‍ അറസ്റ്റില്‍

രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി 15കാരിയെ പീഡിപ്പിച്ചു

Update: 2025-07-29 13:24 GMT

പത്തനംതിട്ട: ബസ് യാത്രക്കിടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയും പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത 19കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട മുസ്ലിയാര്‍ കോളജ് പിഓയില്‍ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പില്‍ വീട്ടില്‍ ദേവദത്തനെയാണ് (19) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പരിശോധനക്കായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.

ട്യൂഷന്‍ കഴിഞ്ഞു ബസില്‍ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ചായി ഇവരുടെ യാത്ര. കോള്‍ സെന്ററില്‍ ജോലിയാണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. കുട്ടി വീട്ടില്‍ ഉപയോഗിക്കുന്ന മൊബൈലില്‍ ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്താണ് ചാറ്റിങ് തുടങ്ങിയത്. ഒക്ടോബറില്‍ ചെന്നൈക്ക് പോകുകയാണെന്ന് വ്യക്തമാക്കി ഇയാള്‍ കുട്ടിക്കയച്ച സന്ദേശം അമ്മ കണ്ടു. ഈ വിവരം അച്ഛനെ അറിയിച്ചതോടെ യുവാവിനെ വിളിച്ച് താക്കീത് ചെയ്തു.

അതോടെ യുവാവ് പെണ്‍കുട്ടിയെ വിളിക്കുന്നത് നിര്‍ത്തിയെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ മൂന്നുമാസത്തേക്ക് ഫോണ്‍ ചെയ്യാതിരുന്ന യുവാവ്, അതിന് ശേഷം വീണ്ടും വീഡിയോ കാള്‍ ആരംഭിച്ചു. നാട്ടിലെത്തിയശേഷം ജൂണ്‍ 27 ന് ഉച്ചയ്ക്ക് വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ചു. അതിന് ശേഷം സ്‌കൂട്ടറിലാണ് കുട്ടിയെ വീട്ടില്‍ കൊണ്ടാക്കിയത്. ഈ സംഭവത്തിന് ശേഷം നിരന്തരം പെണ്‍കുട്ടിയോട് നഗ്‌നചിത്രം ആവശ്യപ്പെടുകയും അത് കൈക്കലാക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടില്‍ ജൂലൈ 11ന് ഒളിച്ചു കയറിയ യുവാവ് കിടപ്പുമുറിയില്‍ വച്ച് പലവട്ടം പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ ക്ലാസ്സ് ടീച്ചറും തുടര്‍ന്ന് പ്രിന്‍സിപ്പാളും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജൂലൈ 21 ന് മാതാപിതാക്കളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ നിന്റെ മോളുടെ നഗ്‌ന ദൃശ്യം കൈയ്യിലുണ്ടെന്നും, അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.

മലയാലപ്പുഴ പൊലീസ് വീട്ടിലെത്തിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എ എസ് ഐ ജയലക്ഷ്മിയാണ് മൊഴിയെടുത്തത്. പൊലീസ് ഇന്‍സ്പെക്ടര്‍ ബി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകള്‍ ശേഖരിക്കുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

Similar News