സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത് തന്ന; ഇനി ചേര്‍ത്തലയിലെ 'അമ്മാവന്' ഒന്നും പറയാതിരിക്കാന്‍ കഴിയില്ല; ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നാല്‍ ചിത്രം കൂടുതല്‍ തെളിയും; ആ മൂന്ന് സ്ത്രീകളുടെ തിരോധാന കേസുകള്‍ കൊലക്കേസായി മാറിയേക്കും; ചേര്‍ത്തലയില്‍ ഒടുവില്‍ കാര്യങ്ങള്‍ ട്വിസ്റ്റിലേക്ക്

Update: 2025-08-14 04:48 GMT

കോട്ടയം: ജെയ്നമ്മ തിരോധാനക്കേസില്‍ നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് കേസില്‍ അറസ്റ്റിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്നമ്മയെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയെന്ന നിഗമനം ശക്തമാകുകയാണ്. ഈ സാഹചര്യത്തില്‍ ഇനി കുറ്റമെല്ലാം സെബാസ്റ്റ്യന് സമ്മതിക്കേണ്ടി വരും. ചേര്‍ത്തലയില്‍ വസ്തു കച്ചവട ഇടനിലക്കാരനായ സെബാസ്റ്റിയനെ അമ്മാവന്‍ എന്നാണ് എല്ലാവരും വിളിക്കുന്നത്. വലിയ ക്രിമിനലാണ് ഇയാളെന്നാണ് അന്വേഷണ സംഘത്തിന്റെ നിലവിലെ വിലയിരുത്തല്‍.

സെബാസ്റ്റ്യന്‍ വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല. ഈ പരിശോധനാ ഫലത്തോടെ എല്ലാം കൂടുതല്‍ വ്യക്തതയിലേക്ക് എത്തും. ബിന്ദു പദ്മനാഭന്‍, ജെയ്നമ്മ, ഐഷ എന്നീ മൂന്ന് സ്ത്രീകളെ ദുരൂഹസാഹചര്യത്തില്‍ കാണാതായ കേസിലാണ് സെബാസ്റ്റ്യന്‍ സംശയനിഴലിലുള്ളത്. ഇവര്‍ മൂന്നുപേരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ബിന്ദു പദ്മനാഭന്റെ സ്വത്ത് കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് സെബാസ്റ്റ്യന്‍ 2019ല്‍ അറസ്റ്റിലായിരുന്നത്. ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യനെതിരേ പരാതി ഉയര്‍ന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഏറ്റൂമാനൂരിലെ ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ വീണ്ടും കസ്റ്റഡിയിലായത്. ഇതില്‍ സെബാസ്റ്റ്യനെതിരേ കേസെടുക്കുകയും തുടരന്വേഷണത്തില്‍ ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയുംചെയ്തു. ഇതോടെ കൂടുതല്‍ സ്ത്രീകളെ സെബാസ്റ്റിയന്‍ വകവരുത്തിയെന്ന് നിഗമനവും ശക്തമാകുകയാണ്. ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാലായില്‍ വീട്ടില്‍ മാത്യുവിന്റെ ഭാര്യ ജെയിന്‍ മാത്യു എന്ന ജെയ്‌നമ്മ(48)യെ 2024 ഡിസംബര്‍ 23-നു രാവിലെ വീട്ടില്‍നിന്നു കാണാതായെന്നാണ് ഭര്‍ത്താവിന്റെ പരാതി. ഇവര്‍ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുകയും താമസിക്കുകയും ചെയ്തിരുന്നു. ധ്യാനകേന്ദ്രങ്ങളില്‍ വെച്ചാകാം സെബാസ്റ്റ്യനുമായി സൗഹൃദമായതെന്നാണു സൂചന.

ഏറ്റുമാനൂര്‍ പോലീസെടുത്ത കേസ് നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ജെയ്‌നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനുമായുള്ള പരിചയം തെളിഞ്ഞത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് സെബാസ്റ്റ്യനെതിരേ കൊലപാതകത്തിനു കൂടി കേസെടുത്തിരുന്നു. ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി സെബാസ്റ്റ്യനെ 26 വരെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ശേഷമാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതി സെബാസ്റ്റ്യനെ റിമാന്‍ഡില്‍ വിട്ടത്. അതേസമയം സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങളുടെ ഡിഎന്‍എ ഫലം ലഭിച്ചതിന് ശേഷമായിരിക്കും ക്രൈം ബ്രാഞ്ചിന്റെ തുടര്‍നടപടികള്‍. റിമാന്‍ഡില്‍ വിട്ടതിന് പിന്നാലെ സെബാസ്റ്റ്യനെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസ് അന്വേഷണത്തിനിടെയിലാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റിയന്‍ പിടിയിലായത്. കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യലില്‍ പ്രിതി കുറ്റം സമ്മതിച്ചില്ല. ജെയ്നമ്മയെ സെബാസ്റ്റിയന്‍ കൊലപ്പെടുത്തിയതിന് നിര്‍ണായകതെളിവ് ലഭിച്ചിട്ടുണ്ട്. പിന്നാലെയാണ് സെബാസ്റ്റിയനെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തത്.

രണ്ടാംഘട്ട തെളിവെടുപ്പിനും ചോദ്യംചെയ്യലിനും കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും അന്വേഷണവുമായി സഹകരിക്കാത്ത സമീപനമായിരുന്നു ഇയാളുടേത്. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ മൂന്നുവര്‍ഷംമുമ്പ് ഒരു കിണര്‍ മൂടിയെന്ന വിവരം ലഭിച്ചിരുന്നു. കോട്ടയം ക്രൈംബ്രാഞ്ച് സംഘം ഇൗ സ്ഥലം കുഴിച്ച് പരിശോധിക്കും. സെബാസ്റ്റിയന്റെ സഹോദരന്റെ പേരില്‍ ചേര്‍ത്തല നഗരത്തിലുള്ള പുരയിടത്തിലും പരിശോധനയുണ്ടാകും. അതേസമയം ചേര്‍ത്തല സ്വദേശിനികളായ ബിന്ദു പത്മനാഭന്‍, ഐഷ എന്നിവരുടെ തിരോധാനക്കേസില്‍ പുതിയ വിവരങ്ങള്‍ ആലപ്പുഴ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും തിരോധാനത്തിന് പിന്നില്‍ സെബാസ്റ്റിയനാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ അന്വേഷകസംഘം സ്ഥിരീകരിച്ചതാണ്. എന്നാല്‍ കൃത്യമായ തെളിവ് ലഭിക്കാത്തതാണ് പ്രതിസന്ധി. ബിന്ദു ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പിച്ചാണ് അവരുടെ കോടികള്‍ വിലയുള്ള ഭൂമി വ്യാജരേഖയുണ്ടാക്കി സെബാസ്റ്റിയന്‍ വിറ്റത്. ഐഷയുടെ തിരോധാനത്തില്‍ അവരുടെ അടുപ്പക്കാരായ മൂന്ന് സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്‍ണായകമാകും. സെബാസ്റ്റിയന്റെ വീട്ടുവളപ്പില്‍ രണ്ടുവട്ടം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അസ്ഥിക്കഷണം സംബന്ധിച്ച നിര്‍ണായക ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ജെയ്നമ്മയുടെ മാത്രമല്ല, ബിന്ദു പത്മനാഭന്റെയും ഐഷയുടെയും രക്തസാമ്പിള്‍ അന്വേഷകസംഘം ശേഖരിച്ചിട്ടുണ്ട്.

Tags:    

Similar News