പ്രധാനമന്ത്രിയുടെ ജന്മദിനം ഇടുക്കി മുതലക്കോടം പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി; കുര്‍ബാന നടക്കുമെന്നും കേക്ക് മുറി ഉണ്ടാവുമെന്നും പോസ്റ്ററില്‍; വിവാദമായതോടെ നിഷേധിച്ച് പള്ളിവികാരി; പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പ്രതികരണം; ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിച്ച് പ്രതിഷേധ കുറിപ്പ്
പ്രധാനമന്ത്രിയുടെ ജന്മദിനം ഇടുക്കി മുതലക്കോടം പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി
ഇടുക്കി: പ്രധാനമന്ത്രിയുടെ ജന്മദിനം പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ഇടുക്കി മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കുര്‍ബാന നടക്കുമെന്നും അതിന് ശേഷം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമെന്നായിരുന്നു പോസ്റ്റര്‍. പോസ്റ്റര്‍ വിവാദമായതോടെ പള്ളിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ അരോലിച്ചാലില്‍ രംഗത്തെത്തി. പള്ളി അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിച്ച് പ്രതിഷേധ കുറിപ്പും പുറത്തുവിട്ടു.
ബുധനാഴ്ച രാവിലെയാണ് പോസ്റ്റര്‍ പുറത്തുവരുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ചാ വിഭാഗമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കളടക്കം പങ്കെടുത്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം മുതലക്കോടം പള്ളിയില്‍ നടക്കുമെന്നാണ് പോസ്റ്ററില്‍ പറഞ്ഞിരുന്നത്. പള്ളിയില്‍ കേക്ക് മുറിയും കുര്‍ബാനയും നടക്കുമെന്നും പോസ്റ്ററിലുണ്ട്. സംഭവം വിവാദമായതോടെ വിശ്വാസികളുള്‍പ്പെടെയുള്ളവര്‍ പള്ളി ഭാരവാഹികളെ ബന്ധപ്പെട്ടിരുന്നു. തങ്ങളുടെ അനുമതിയോടെയല്ലെന്ന് പറഞ്ഞ് പള്ളി ഭാരവാഹികള്‍ ഇത് നിഷേധിച്ചു.
പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക കുര്‍ബാനയ്ക്ക് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ചാനേതാക്കള്‍ സമീപിച്ചിരുന്നു. പിന്നാലെ രസീതി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ജന്മദിനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ അറിയിച്ചു. സംഭവത്തില്‍ വീഴ്ച പറ്റിയെന്നാണ് ബിജെപി വിലയിരുത്തുന്നത്.
സെപ്റ്റംബര്‍ 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ആഘോഷിക്കുമെന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പോസ്റ്ററില്‍ പറഞ്ഞിരുന്നത്. പള്ളിയില്‍ കുര്‍ബാന നടക്കുമെന്നും തുടര്‍ന്ന് കേക്ക് മുറി ഉണ്ടാവുമെന്നും പോസ്റ്ററില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍, പോസ്റ്റര്‍ കണ്ട പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ അരോലിച്ചാലില്‍ ഇത് നിഷേധിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതായും, അവര്‍ പോസ്റ്റര്‍ പിന്‍വലിക്കാമെന്ന് സമ്മതിച്ചതായും വികാരി പറഞ്ഞു.പള്ളിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും പള്ളി അറിയാതെയാണ് പോസ്റ്റര്‍ അടിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദേവാലയത്തെ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പോസ്റ്ററിനെ ഇടവക അപലപിച്ചു. പോസ്റ്ററുമായി രൂപതയ്‌ക്കോ ഇടവകയ്‌ക്കോ ബന്ധമില്ല. ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ അടിച്ചത് ശരിയായില്ലെന്നും ഇടവക വിമര്‍ശനമുന്നയിച്ചു എന്നാല്‍ പള്ളിയില്‍ കുര്‍ബാന നടത്താന്‍ പണം അടച്ചിരുന്നെന്നും, പോസ്റ്റര്‍ അടിച്ചപ്പോള്‍ വീഴ്ച പറ്റിയതാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം. കേക്ക് മുറിച്ച ആഘോഷം നടത്തിയിട്ടില്ലെന്നും പോസ്റ്റര്‍ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും ന്യൂനപക്ഷമോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ല പ്രസിഡന്റ് ജോയി കോയിക്കക്കുടി പറഞ്ഞു.