ഞങ്ങൾ കാണുമ്പോൾ ഭയാനകരമായ അവസ്ഥ; നമുക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല; പല ഭാഗങ്ങളും ജീർണിക്കാൻ തുടങ്ങിയിരുന്നു..!!; രാവിലെ പാർക്കിംഗ് ഏരിയയിൽ യുവാവിന്റെ ജീവനറ്റ ശരീരം; ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് വിങ്ങൽ; ഇത് അതിക്രൂരമെന്നും മറുപടി
ഹൂസ്റ്റൺ: ടെക്സസിലെ ഹൂസ്റ്റണിൽ, ഭക്ഷണം കഴിക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവിനെ റെസ്റ്റോറന്റ് ജീവനക്കാർ തെരുവുവാസിയാണെന്ന് കരുതി സഹായം നൽകാതെ ഉപേക്ഷിച്ചു. പിറ്റേദിവസം രാവിലെ കണ്ടെത്തിയത് 34-കാരനായ ജെസ്സി മോബ്‍ലി ജൂനിയറിന്റെ ജീവനറ്റ ശരീരമായിരുന്നു. ഓഗസ്റ്റ് 7-നാണ് ഈ അതിദാരുണമായ സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, ജെസ്സി മോബ്‍ലി ഓഗസ്റ്റ് 7-ന് വൈകുന്നേരത്തോടെയാണ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് യുവാവ് ബോധരഹിതനാവുകയും മേശയിലേക്ക് വീഴുകയുമായിരുന്നു.
എന്നാൽ, റെസ്റ്റോറന്റ് ജീവനക്കാർ അടിയന്തര വൈദ്യസഹായത്തിനായി 911-ൽ വിളിക്കുന്നതിന് പകരം, യുവാവിനെയും അദ്ദേഹത്തിന്റെ സാധനങ്ങളും സമീപത്തുള്ള ഒരു ഹെയർ ആൻഡ് ബ്യൂട്ടി കോളേജിന് സമീപത്തെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചതായാണ് പോലീസ് നിഗമനം. യുവാവ് തെരുവുവാസിയാണെന്നും ഭവനരഹിതനാണെന്നും തെറ്റിദ്ധരിച്ചാണ് ജീവനക്കാർ ഇങ്ങനെ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പിറ്റേദിവസം രാവിലെ കോളേജിലെത്തിയ ഒരു വിദ്യാർത്ഥിയാണ് പാർക്കിംഗ് ഏരിയയിൽ ജെസ്സി മോബ്‍ലിയുടെ ജീവനറ്റ ശരീരം ആദ്യം കണ്ടത്. അധികൃതർ സംഭവസ്ഥലത്തെത്തുമ്പോഴേക്കും മൃതദേഹം ജീർണ്ണിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം വെളിപ്പെടുത്തി. "ഞങ്ങൾ അവനെ കാണുമ്പോൾ വളരെ ഭയാനകമായ അവസ്ഥയിലായിരുന്നു. അവന്റെ ശരീരം പർപ്പിൾ നിറമായി മാറിയിരുന്നു, ജീർണ്ണിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു," മോബ്‍ലിയുടെ രണ്ടാനമ്മ റെനി മോബ്‍ലി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
യുവാവിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്വാഭാവിക കാരണങ്ങളാലാണ് മരണം സംഭവിച്ചതെങ്കിൽ അന്വേഷണം അവസാനിപ്പിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, റെസ്റ്റോറന്റ് ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ മോബ്‍ലിയുടെ കുടുംബം ശക്തമായി രംഗത്തെത്തി.
"ഇതിൽ ഒരാൾക്കെങ്കിലും 911-ൽ വിളിക്കാമായിരുന്നു. അപ്പോൾ ഒരുപക്ഷേ എന്റെ മകൻ ജീവനോടെ രക്ഷപ്പെട്ടേനെ. ആളുകളെ അവരുടെ അവസ്ഥ നോക്കി വിലയിരുത്തുന്നതിന് പകരം മനുഷ്യത്വത്തോടെ കാണാമായിരുന്നു," റെനി മോബ്‍ലി പറഞ്ഞു.