കണ്ണമ്പ സ്വദേശിനിയുമായുള്ള കൊല്ലത്തുകാരന്റെ പ്രണയം തകര്‍ന്നു; പ്രശ്‌നം പരിഹരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കയ്യാങ്കളി; മര്‍ദ്ദനേറ്റ കാമുകന്റെ സുഹൃത്ത് ആശുപത്രിയില്‍ പറഞ്ഞത് തെങ്ങില്‍ നിന്നും വീണതെന്ന്; യുവാവിന് ദാരുണാന്ത്യം

Update: 2025-10-18 07:20 GMT

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയുടെ പ്രണയബന്ധത്തിന്റെ പേരില്‍ രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് കാമുകന്റെ സുഹൃത്തായ യുവാവിന് ദാരുണാന്ത്യം. കണ്ണമ്പ എന്ന സ്ഥലത്ത് 14ന് ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി അമല്‍ ആണ് ഇന്നലെ മരിച്ചത്. കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും കൊല്ലത്തുള്ള മറ്റൊരു യുവാവും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് കാമുകന്റെ സുഹൃത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയബന്ധം തകര്‍ന്നതിനു പിന്നാലെ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ വര്‍ക്കല കണ്ണമ്പയിലുള്ള വീട്ടില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളുമായി കയ്യാങ്കളി ഉണ്ടായത്. ഇതിനിടെ കാമുകന്റെ സുഹൃത്തായ അമലിന് അടിയേല്‍ക്കുകയായിരുന്നു. 14ന് രാത്രിയാണ് സംഭവം നടന്നത്.

അന്നു കൊല്ലം കുണ്ടറയിലെ വീട്ടിലേക്കു മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തെങ്ങില്‍നിന്നു വീണതാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ ആരോഗ്യനില വഷളായി അമല്‍ 17ന് മരിച്ചു. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് വര്‍ക്കല പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസാരത്തിനിടെ പെണ്‍കുട്ടിയുടെ പിതാവുമായി വഴക്കുണ്ടാകുകയും സംഘര്‍ഷത്തിനിടെ അമല്‍ അടിയേറ്റ് വീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പരുക്ക് ഗുരുതമാണെന്ന് മനസിലാക്കിയത്. ആരോഗ്യനില വഷളായതോടെ അമല്‍ മരിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്.

Similar News