മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത് റെയില്‍വേയുടെ അഴുക്കുചാലില്‍; പരാതിപ്പെട്ടിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആക്ഷേപം; മമത സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി
ഹൂഗ്ലി: കൊല്‍ക്കത്തയ്ക്ക് സമീപമുള്ള ഹൂഗ്ലിയില്‍, മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പിറ്റേദിവസം റെയില്‍വേയുടെ അഴുക്കുചാലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് മമത ബാനര്‍ജി സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിമര്‍ശിച്ചു.
താര്‍ക്കേശ്വറിലെ റെയില്‍വേ ഷെഡ്ഡില്‍ കൊതുകുവലയ്ക്കുള്ളില്‍ കട്ടിലില്‍ മുത്തശ്ശിക്കൊപ്പമാണ് കുട്ടി ഉറങ്ങിയിരുന്നത്. അവിടെനിന്ന് കുട്ടിയുടെ കൊതുകുവല മുറിച്ചാണ് അക്രമി അവളെ എടുത്തുകൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. ബഞ്ചാര സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്.
'അവള്‍ എന്റെ കൂടെയാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തുകൊണ്ടുപോയി. എപ്പോഴാണ് അവളെ കൊണ്ടുപോയതെന്ന് ഞാന്‍ അറിഞ്ഞതുപോലുമില്ല. ആരാണ് അവളെ കൊണ്ടുപോയതെന്ന് എനിക്കറിയില്ല. അവര്‍ കൊതുകുവല മുറിച്ച് അവളെ കൊണ്ടുപോവുകയായിരുന്നു. അവളെ നഗ്‌നയായ നിലയിലാണ് കണ്ടെത്തിയത്.' കീറിയ വല കാണിച്ചുകൊണ്ട് പെണ്‍കുട്ടിയുടെ മുത്തശ്ശി പറഞ്ഞു.
'അവര്‍ ഞങ്ങളുടെ വീടുകള്‍ തകര്‍ത്തതുകൊണ്ടാണ് ഞങ്ങള്‍ തെരുവില്‍ താമസിക്കുന്നത്. ഞങ്ങള്‍ എവിടെ പോകും? ഞങ്ങള്‍ക്ക് വീടുകളില്ല.' കണ്ണീരടക്കിക്കൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് ഉച്ചയ്ക്ക് താര്‍ക്കേശ്വര്‍ റെയില്‍വേയുടെ അഴുക്കുചാലിന് സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഹൂഗ്ലി റൂറല്‍ പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നില ഗുരുതരമാണെന്ന് പറയപ്പെടുന്ന പെണ്‍കുട്ടി താര്‍ക്കേശ്വര്‍ ഗ്രാമീണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പോക്സോ (ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം) പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചു എന്ന് ആരോപിച്ച് ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രംഗത്തെത്തി. 'താര്‍ക്കേശ്വറില്‍ നാലുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടു. കുടുംബം പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി, പക്ഷേ അവര്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി - ചന്ദന്‍നഗറിലേക്ക് റഫര്‍ ചെയ്തു. താര്‍ക്കേശ്വര്‍ പോലീസ് കുറ്റകൃത്യം മറച്ചുവെക്കുന്ന തിരക്കിലാണ്. ഇതാണ് മമത ബാനര്‍ജിയുടെ അഴിഞ്ഞാട്ട ഭരണത്തിന്റെ യഥാര്‍ത്ഥ മുഖം. ഒരു കുട്ടിയുടെ ജീവിതം തകര്‍ന്നു. എന്നിട്ടും സത്യം അടിച്ചമര്‍ത്തി സംസ്ഥാനത്തിന്റെ വ്യാജ ക്രമസമാധാന പ്രതിച്ഛായയെ പോലീസ് സംരക്ഷിക്കുകയാണ്.' ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്സില്‍ കുറിച്ചു.
