സിപിഎമ്മിന്റെ സൈബര്‍ പോരാളി അബു അരീക്കോടിന്റേത് ആത്മഹത്യ; താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ഓണ്‍ലൈന്‍ വായ്പയുടെ ഇരയെന്ന് സൈബറിടത്തില്‍ സുഹൃത്തുക്കള്‍; ജീവനൊടുക്കിയതിന്റെ കാരണം സ്ഥിരീകരിക്കാതെ പോലീസ്; മരണത്തില്‍ അന്വേഷണം തുടങ്ങി; 'അബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല' എന്ന് പറഞ്ഞ് വിടപറയല്‍ പോസ്റ്റുമായി കെ ടി ജലീല്‍

Update: 2025-11-08 12:34 GMT

കോഴിക്കോട്: ലോ കോളജ് വിദ്യാര്‍ഥിയും ഇടത് രാഷ്ട്രീയ, സമൂഹ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അബു അരീക്കോടിന്റെ വിയോഗത്തില്‍ സൈബര്‍ ലോത്ത് അനുശോചന പ്രവാഹം. താമരശ്ശേരി മര്‍ക്കസ് ലോ കോളജ് വിദ്യാര്‍ഥിയായിരുന്നു അബു. താമസസ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വായ്പയുടെ ഇരയാണ് അബു അരീക്കോട് എന്ന് സുഹൃത്തുക്കള്‍ സൈബര്‍ ഇടത്തില്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍ ജീവനൊടുക്കിയതിന്റെ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരണത്തില്‍ അന്വേഷണം തുടങ്ങിയിരിക്കയാണ്.

കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടിലെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അബു അരീക്കോടിനെ കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് കഴിഞ്ഞ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അബുവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി. അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീല്‍ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

''ഓണ്‍ലൈന്‍ ബാങ്കുകള്‍ ലോണ്‍ കൊടുക്കുകയും ആ തട്ടിപ്പില്‍ പെട്ടു കഴിഞ്ഞാല്‍ നമ്മള്‍ എടുത്തതിന്റെ എത്രയോ ഇരട്ടി തിരിച്ചു കൊടുത്താലും രക്ഷപ്പെടാന്‍ കഴിയില്ല എന്നത് ഒരു പരസ്യമായ സത്യമാണ്. അത്തരം ആളുകള്‍ക്ക് ഒരു വിലങ്ങ് ഇടാന്‍ താങ്കളുടെ സര്‍ക്കാരിനോ അല്ലെങ്കില്‍ താങ്കളുടെ ഇടപെടലിലൂടെ നടക്കുമെങ്കില്‍ നമുക്ക് ഈ ഒരു ആത്മഹത്യ അവസാനത്തേത് ആക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. അവസാനമായി പറയാനുള്ളത് സ്വന്തം പ്രസ്ഥാനത്തിനുവേണ്ടി സംസാരിച്ചു ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയവനാണ്. അവന്റെ ബാധ്യത ആ പ്രസ്ഥാനം തന്നെ ഏറ്റെടുക്കണം'' എന്നും കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായുള്ള കമന്റില്‍ അബുവിന്റെ ഒരു സുഹൃത്ത് പ്രതികരിച്ചിട്ടുണ്ട്.

'അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേര്‍പാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേല്‍ ഉള്ള സാധാരണ മനുഷ്യര്‍, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്‍ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്‍ക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിന്റെ ചെപ്പില്‍ അടച്ചുവെച്ച് ജീവിതത്തിന്റെ അവസാന ലാപ്പുവരെ ഓടിത്തീര്‍ക്കണം. അതിനിടയില്‍ ട്രാക്കില്‍ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികള്‍' എന്നാണ് കെ ടി ജലീലിന്റെ പോസ്റ്റില്‍ പറയുന്നത്.

സിപിഎമ്മിനും പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ മറുപടി നല്‍കിയാണ് അബു അരിക്കോട് സിപിഎം സൈബര്‍ ഇടത്തില്‍ ശ്രദ്ധേയനായത്. സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ മറുനാടന്‍ മലയാളി അടക്കം എല്ലാ മാധ്യമങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോകള്‍ യൂ ട്യൂബില്‍ നിരന്തരം പങ്കുവച്ചിരുന്നു. നിയമസഭ ചര്‍ച്ചകളില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളിലടക്കം കടുത്ത ഭാഷയിലായിരുന്നു അബു അരീക്കോട് പ്രതികരിച്ചിരുന്നത്.

എതിരാളികളെ വെല്ലുവിളിച്ചുള്ള യൂ ട്യൂബ് വീഡിയോകള്‍ക്ക് സിപിഎം സൈബര്‍ ലോകത്ത് വലിയ സ്വീകാര്യത നേടിയെടുക്കാന്‍ അബു അരീക്കോടിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സൈബര്‍ സഖാവിന്റെ ആത്മഹത്യ പാര്‍ട്ടി അണികളെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുവേണ്ടി ജീവിതം മാറ്റിവച്ച് ശബ്ദം ഉയര്‍ത്തുന്ന അണികള്‍ വ്യക്തിജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരിഹരിക്കാന്‍ ഒപ്പം നില്‍ക്കാത്ത നേതൃത്വത്തെ വിമര്‍ശിച്ചാണ് ഒട്ടേറെ കമന്റുകള്‍.

സിപിഎം സൈബറിടവുമായി ബന്ധമുള്ളവര്‍ അനുശോചനങ്ങള്‍ അറിയിച്ചു പോസ്റ്റിട്ടിട്ടുണ്ട്. വിദ്യാര്‍ഥി കൂടിയായ അബുവിന്റെ മരണത്തില്‍ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. മുന്‍ മന്ത്രി കെ ടി ജലീല്‍ അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

അബു അരീക്കോട് ഇനി യു ട്യൂബില്‍ വരില്ല!

ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള്‍ വരെയും പ്രയാസകരമായ കുടുംബ പശ്ചാതലത്തിലൂടെ കടന്ന് പോയ അബു അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരന്‍ അബു രാഷ്ട്രീയത്തില്‍ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.

നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപര്‍വ്വങ്ങള്‍ താണ്ടേണ്ടി വന്നപ്പോഴും ആരുടെ മുമ്പിലും ആദര്‍ശം അബു അടിയറ വെച്ചില്ല. യു ട്യൂബര്‍ എന്ന നിലയില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താന്‍ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില്‍ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില്‍ അരങ്ങൊഴിഞ്ഞത്.

മലയാള സാഹിത്യത്തിലെ എക്കാലത്തും അനശ്വരനായ ഇടപ്പള്ളി രാഘവന്‍ പിള്ള, ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ചു വലിച്ചു താഴ്ത്തി കാലവയനികക്കുള്ളില്‍ മറയുന്നതിന് മുമ്പ് എഴുതിയ വരികള്‍ മലയാളികള്‍ക്ക് മറക്കാനാവില്ല:

'ഇല്ലൊരു സമാധാനമിങ്ങെങ്ങും വെറുംവെറും, പൊള്ളലാടങ്ങാത്ത ദാഹമാണയ്യോ ചുറ്റും'

ചുറ്റും അനീതിയും അന്യായവും കൊടികുത്തി വാഴുമ്പോള്‍ അതിനോട് സന്ധി ചെയ്യാതെ മുന്നോട്ടു പോകാന്‍ അസാമാന്യമായ നെഞ്ചുറപ്പു വേണം. താങ്ങും സഹായവും കിട്ടാന്‍ വീട്ടുവീഴ്ചകള്‍ വേണമെന്ന നാട്ടുനടപ്പുകളോട് കലഹിച്ച അബു, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നന്നേ പാടുപെട്ടിരുന്നതായാണ് സുഹൃത്തുക്കളില്‍ നിന്ന് അറിഞ്ഞത്.

അനാവശ്യമായ മരണം എന്നേ അബു അരീക്കോടിന്റെ വേര്‍പാടിനെ കുറിച്ച് പറയാനാകൂ. അഭിമാനബോധം അത്രമേല്‍ ഉള്ള സാധാരണ മനുഷ്യര്‍, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്‍ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്‍ക്കരുത്തോടെ ചടുലമായി കുതിക്കണം. എല്ലാ ദുഃഖങ്ങളും മനസ്സിന്റെ ചെപ്പില്‍ അടച്ചുവെച്ച് ജീവിതത്തിന്റെ അവസാന ലാപ്പുവരെ ഓടിത്തീര്‍ക്കണം. അതിനിടയില്‍ ട്രാക്കില്‍ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികള്‍.


Full View


Tags:    

Similar News