വന്ദേഭാരത് ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചു; ദേശഭക്തിഗാനം എന്ന കുറിപ്പോടെ വീഡിയോ പങ്ക് വെച്ച് റെയില്‍വേ; വിവാദമായതോടെ പിന്‍വലിച്ചു
കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിച്ചത് വിവാദത്തില്‍. ദേശഭക്തിഗാനം എന്ന കുറിപ്പോടെ ദക്ഷിണ റെയില്‍വേ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനെതിരേ നിരവധി കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നതോടെ വീഡിയോ പിന്‍വലിച്ചു.
കുട്ടികള്‍ പാടുന്ന വീഡിയോ ദക്ഷിണ റെയില്‍വേ അവരുടെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവെച്ചു. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളും രണ്ട് പേരുമാണ് വീഡിയോയില്‍. ദേശഭക്തി ഗാനമെന്ന കുറിപ്പോടെയാണ് ദക്ഷിണ റെയില്‍വേ ഗണഗീതം പങ്കുവെച്ചത്. വിവാദമായതോടെ പോസ്റ്റ് എക്‌സില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.
'ഉദ്ഘാടന സ്‌പെഷ്യല്‍ എറണാകുളം - കെഎസ്ആര്‍ ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസില്‍ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കോച്ചുകളില്‍ ദേശഭക്തി ഗാനങ്ങള്‍ നിറച്ചു'- വിഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ ഇങ്ങനെ കുറിച്ചു.
സര്‍ക്കാര്‍ പരിപാടികളെ ആര്‍എസ്എസ് വത്കരിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് വന്ദേഭാരത് ഉദ്ഘാടന പരിപാടിയില്‍ വിദ്യാര്‍ഥികളേക്കൊണ്ട് ഗണഗീതം പാടിച്ചത്. ഉദ്ഘാടന യാത്രയില്‍ കുട്ടികളെയും പങ്കെടുപ്പിച്ചിരുന്നു. ഇതില്‍പ്പെട്ട കുട്ടികളാണ് ഗണഗീതം പാടിയതെന്നാണ് സൂചന. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദക്ഷിണ റെയില്‍വേ ഈ ദൃശ്യം പുറത്തുവിട്ടത്.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു എറണാകുളം സൗത്ത് - ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. വര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു. നവംബര്‍ 11-ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സാധാരണ സര്‍വ്വീസ് ആരംഭിക്കും.
