ലോറി ഡ്രൈവര്‍ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍; ഐടി ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പ്രതിയെ കുരുക്കിയത് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം; പ്രതിയെ അതിജീവിത തിരിച്ചറിയേണ്ടത് നിര്‍ണായകം
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയത്. മോഷണം നടത്താനാണ് പ്രതി ഹോസ്റ്റലില്‍ കയറിയതെന്നാണ് വിവരം. ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്ന യുവതി ഉറങ്ങുമ്പോഴായിരുന്നു അതിക്രമം.
തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തുന്നത്. 17 ന് പുലര്‍ച്ചയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിച്ചുവെന്നും ഡിസിപി ടി. ഫറാഷ് പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഡിസിപി പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും. കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും, എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. യുവതി ഞെട്ടി ഉണര്‍ന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്നാണ് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയത്.
കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചതായി വിവരമുണ്ടായിരുന്നു. ഇന്ന് രാവിലെ മധുരയില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളിലേക്ക് അന്വേഷണം നീണ്ടത്.
വെള്ളിയാഴ്ചയാണ് പീഡന വിവരം പുറത്തുവരുന്നത്. ബലാത്സംഗത്തിനിരയായെന്ന് വ്യക്തമാക്കി യുവതി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴക്കൂട്ടത്ത് പെയിന്‍ ഗസ്റ്റായി താമസിച്ചുവരികയായിരുന്നു യുവതി. പുലര്‍ച്ചെ രണ്ട് മണിക്ക് വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
ഇരുട്ടായിരുന്നതിനാല്‍ ആളുടെ മുഖം കണ്ടിരുന്നില്ലെന്നും യുവതി പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും.
സംഭവത്തിന് പിന്നാലെ കഴക്കൂട്ടത്ത് പട്രോളിങ് ശക്തമാക്കിയതായി അസിസ്റ്റന്റ് കമ്മീഷണര്‍ പി അനില്‍ കുമാര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിന് ചുറ്റും 750 ലേറെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ ഉണ്ടെന്നും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിക്കുന്നതടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രം മോഷ്ടിക്കുന്നതും പതിവ് സംഭവമാണ്. ഓവര്‍ നൈറ്റ് അടക്കം പല ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കഴക്കൂട്ടത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്. ഹോസ്റ്റലുകളിലെ അടക്കം സുരക്ഷയില്‍ ഓഡിറ്റ് നടത്തണമെന്ന ആവശ്യവുമായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന രംഗത്തെത്തിയിട്ടുണ്ട്.