വിദ്യാര്‍ഥിനിയുടെ കൈയ്യിലും വയറിലും മനപ്പൂര്‍വം പൊള്ളലേല്‍പ്പിച്ചതോ? ഡല്‍ഹി ആസിഡ് ആക്രമണത്തില്‍ വമ്പന്‍ ട്വിസ്റ്റ്; യുവാവിനെ കേസില്‍ പെടുത്താന്‍ നടത്തിയ നാടകം; പിതാവ് അറസ്റ്റില്‍; പെണ്‍കുട്ടിക്കെതിരെയും കേസെടുത്തേക്കും
ന്യൂഡല്‍ഹി: ഡല്‍ഹി ആസിഡ് ആക്രമണ കേസില്‍ വമ്പന്‍ വഴിത്തിരിവ്. വിദ്യാര്‍ഥിനിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസില്‍ പെടുത്താന്‍ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവിന്റെ കുറ്റസമ്മതം. പെണ്‍കുട്ടിക്കെതിരെയും പൊലീസ് കേസെടുക്കും. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെ കോളേജിലേക്ക് പോകും വഴി മൂവര്‍സംഘം പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയെന്നായിരുന്നു പരാതി. വിദ്യാര്‍ഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. ഇത് മനപ്പൂര്‍വ്വം ചെയ്തതാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലക്ഷ്മിബായി കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ മൂന്നംഗ സംഘത്തിന്റെ ആസിഡ് ആക്രമണം ഉണ്ടായെന്ന് പരാതി ലഭിച്ചത്. ഈ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്കും അതോടൊപ്പം തന്നെ മുഖത്തിന്റെ ചില ഭാഗങ്ങളിലും പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് ഒഴിച്ചെങ്കിലും കൈകൊണ്ട് തടഞ്ഞതിനാല്‍ കൈക്ക് മാത്രമാണ് പരിക്കേറ്റത് എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവത്തില്‍ യാതൊരുവിധ തെളിവുമില്ല എന്ന നിലപാടാണ് പൊലീസ് പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ആക്രമണത്തില്‍ ആസിഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന കാര്യവും പൊലീസ് പറഞ്ഞിരുന്നു.
പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ ദിവസം ആര്‍എംഎല്‍ ആശുപത്രിയിലാണ് ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. നിലവില്‍ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരികയാണ്. ആശുപത്രി വിട്ട ശേഷം നിയമപരമായി തന്നെ കാര്യങ്ങളെ നേരിടും എന്ന നിലപാടാണ് ഇരയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നത്.
ഒന്നരവര്‍ഷമായി പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞിട്ടുണ്ട്. ജിതേന്ദറിന്റെ ഭാര്യയോടടക്കം പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞിരുന്നതായും സഹോദരന്‍ വ്യക്തമാക്കി. ഇതിന്റെ വൈരാഗ്യത്തില്‍ ആകാം ആക്രമണം എന്നായിുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ കേസ് കെട്ടിച്ചമച്ചത് ആണോ എന്നാണ് പൊലീസ് നിലവില്‍ സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരന്നു. സംഭവത്തില്‍ ദേശീയ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 5 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രതികളെ ഉടന്‍ പിടികൂടണമെന്നും പെണ്‍കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് പ്രതി ജിതേന്ദറിന്റെ ഭാര്യയെ ശല്യപ്പെടുത്തിയിരുന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇയാള്‍ തന്നെ ഉപദ്രവിച്ചതായും ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ജിതേന്ദറിന്റെ ഭാര്യ ആരോപിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
