പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിന് നേരെ വെടിവെപ്പ്; ആളപായമില്ല; ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിനായി താരം റാവല്‍പിണ്ടിയില്‍
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിനു നേര്‍ക്ക് വെടിയുതിര്‍ത്ത് അജ്ഞാതര്‍. താരത്തിന്റെ ഖൈബര്‍ പഖ്തുന്‍ഖ്വയിലുള്ള കുടുംബവീടിന്റെ ഗേറ്റിനു നേര്‍ക്കാണ് അജ്ഞാതര്‍ വെടിവെച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം കളിച്ചുകൊണ്ടിരിക്കുകയാണ് നസീം. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനാല്‍ താരം ആദ്യ ഏകദിനം നടക്കുന്ന റാവല്‍പിണ്ടിയില്‍ തന്നെ തുടരും.
ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ലോവര്‍ ദിര്‍ ജില്ലയിലാണ് താരത്തിന്റെ കുടുംബ വീട്. നസീമും അദ്ദേഹത്തിന്റെ മിക്ക കുടുംബാംഗങ്ങളും ഇപ്പോള്‍ ഇസ്ലാമാബാദിലാണ് താമസിക്കുന്നത്. എന്നാല്‍ ലോവര്‍ ദിറില്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുണ്ട്. അവരാണ് കുടുംബവീട്ടില്‍ താമസിക്കുന്നതെന്നും നസീമുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ ദേശീയ ടീമിലെ പല കളിക്കാരും ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇവിടത്തെ വടക്കന്‍ പ്രദേശങ്ങളില്‍ പതിവായി ഭീകരാക്രമണങ്ങള്‍ നടക്കാറുണ്ട്. ഗോത്രകലഹങ്ങള്‍ക്കും പേരുകേട്ട ഇടമാണ് ഈ വടക്കന്‍ പ്രദേശങ്ങള്‍.
സംഭവം പരിശോധിച്ചുവരികയാണെന്നും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നസീമിന് ഉറപ്പ് ലഭിച്ചു. ഇതോടെയാണ് ടീമിനൊപ്പം തുടരാന്‍ നസീം തീരുമാനിച്ചത്. ദേശീയ ടീമിലെ പല കളിക്കാരും ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. അവിടെ വടക്കന്‍ പ്രദേശങ്ങളില്‍ സുരക്ഷാ സേന പതിവായി ഭീകരാക്രമണങ്ങള്‍ക്കെതിരെ പോരാടുന്നു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ പ്രദേശങ്ങള്‍ ഗോത്രകലഹങ്ങള്‍ക്കും പേരുകേട്ടതാണ്.