ചെങ്കോട്ട സ്‌ഫോടന കേസില്‍ സംശയനിഴലില്‍; പിന്നാലെ വിശദമായ പരിശോധന; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍; ഇഡിയുടെ നടപടി കള്ളപ്പണ നിരോധന നിയമപ്രകാരം

Update: 2025-11-18 16:58 GMT

ന്യൂഡല്‍ഹി: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്നവരില്‍ ചിലര്‍ക്ക് ചെങ്കോട്ടയ്ക്ക് മുന്നില്‍ സ്‌ഫോടനം നടത്തിയ ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിശദമായ പരിശോധനകള്‍ക്കുശേഷമാണ് സിദ്ദിഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഇ.ഡി അറിയിച്ചു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമിലിന്റെയും അല്‍ ഫലാഹ് യൂണിവേഴ്സിറ്റിയിലെ മുറികളില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വലിയ സ്‌ഫോടന പരമ്പരയാണ് ആസൂത്രണം ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഭീകരബന്ധമുള്ള ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ 52 പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ചെങ്കോട്ടയ്ക്കു സമീപം സ്‌ഫോടനം നടത്തിയ ഡോ.ഉമര്‍ നബിയെയും അറസ്റ്റിലായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായിയെയുമെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയായാണു ഫരീദാബാദ് ധൗജിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് സെന്റര്‍ പ്രവര്‍ത്തിച്ചതെന്നാണ് കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരുടെ ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. അല്‍ ഫലാഹ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ 1997ല്‍ ആരംഭിച്ച മെഡിക്കല്‍ കോളജ് 2014ല്‍ അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയായി. മെഡിക്കല്‍ കോളജ്, എന്‍ജിനീയറിങ് കോളജ്, ബിഎഡ്, എംഎഡ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്കുണ്ട്.

സര്‍വകലാശാലയുടെ സ്ഥാപക ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജവാദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉള്‍പ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുകയായിരുന്നു.

10ന് വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്‌ഫോടനം നടന്നത്.ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്‌ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം. 15 പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

Similar News