ബാങ്കില്‍ നിന്നും പണവുമായി മടങ്ങിയ അക്കൗണ്ടന്റിന്റെ വാഹനം പിന്തുടര്‍ന്നു; യുപിയിലെ ദേശീയപാതയില്‍ സിനിമാ സ്‌റ്റൈലില്‍ കവര്‍ന്നത് 85 ലക്ഷം; കൊച്ചിയില്‍ ഒളിവില്‍ കഴിയവെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കുരുക്കായി; ലോഡ്ജില്‍ നിന്നും പ്രതിയെ പിടികൂടി യുപി പൊലീസ്

Update: 2025-12-26 11:49 GMT

കൊച്ചി: അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തിലെ പ്രതിയെ കൊച്ചിയില്‍ ലോഡ്ജില്‍ നിന്നും പിടികൂടി ഉത്തര്‍പ്രദേശ് പൊലീസ്. യുപി സ്വദേശി റിസാഖത്ത് ആണ് അറസ്റ്റിലായത്. 85 ലക്ഷം കവര്‍ന്ന കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലോഡ്ജില്‍ ഒളിവില്‍ കഴിയവെയാണ് പ്രതി പിടിയിലാകുന്നത്. ബാങ്കില്‍ നിന്നും പണം വാങ്ങി ബൈക്കില്‍ വരികയായിരുന്ന ആളെ ആക്രമിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ഏകദേശം 85 ലക്ഷം രൂപ അതില്‍ ഉണ്ടായിരുന്നു. ഇതിന് ശേഷം കൊള്ളസംഘം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഈ കൊള്ളസംഘത്തില്‍ പെട്ട ഒരാളാണ് റിസാഖത്ത് എന്നാണ് യുപി പോലീസ് വ്യക്തമാക്കുന്നത്.

സിനിമാ സംഘട്ടന രംഗങ്ങളെ വെല്ലുന്ന രീതിയില്‍ യുപിയിലെ ഹൈവേയില്‍ വച്ച് പണം കൊള്ളയടിച്ച ശേഷം കേരളത്തിലേക്ക് കടന്നയാളാണ് കൊച്ചിയില്‍ പിടിയിലായത്. യുപി സ്വദേശി റിസാഖത്തിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ സഹായത്തോടെ യുപി പൊലീസ് പിടികൂടിയത്. എറണാകുളം ചിറ്റൂര്‍ റോഡിലുള്ള ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം യുപിയിലെ സ്‌പെഷല്‍ സ്‌ക്വാഡ് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും കൊച്ചിയില്‍ താമസിക്കുകയാണെന്നുമുള്ള വിവരം ലഭിച്ചത്.

ഡിസംബര്‍ 15ന് ഡല്‍ഹി ലക്‌നൗ ദേശീയപാതയിലെ ഹാപുരില്‍ വച്ച് ഇയാള്‍ ഉള്‍പ്പെട്ട സംഘം 85 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. യുപിയിലെ നോയ്ഡയിലുള്ള ബിസിനസുകാരന്റെ അക്കൗണ്ടന്റ് പണവുമായി പോകുന്ന വഴിയായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം അക്കൗണ്ടന്റിന്റെ വാഹനത്തില്‍ നിന്ന് പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു. വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കെയായിരുന്നു ഇത്. തുടര്‍ന്ന് അക്കൗണ്ടന്റിന്റെ സ്‌കൂട്ടര്‍ മറിഞ്ഞുവീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

കൊള്ളസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിടുകയും ഇവരെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്വേഷണം തുടരവേയാണ് സംഘത്തിലുള്‍പ്പെട്ട റിസാഖത്ത് കൊച്ചിയിലുണ്ടെന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷനില്‍ നിന്ന് പൊലീസിനു മനസിലായത്. തുടര്‍ന്ന് യുപി പൊലീസ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ റിസാഖത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം യുപി പൊലീസിനു കൈമാറും. ഇയാളില്‍ നിന്ന് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെയും വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News