പതിവുപോലെ ചായയും ചെറുകടികളും കഴിച്ച് ബില്ലുകൊടുക്കാതെ പുറത്തേക്കിറങ്ങി; ഭക്ഷണം കഴിച്ച പണം ചോദിച്ചപ്പോൾ കടയുടമയുടെ തല അടിച്ചുതകർത്തു; ജീവനക്കാരനും ക്രൂരമർദനം; തൃക്കാക്കരയിലെ 'ഗുണ്ടാ സ്റ്റൈൽ' അഴിഞ്ഞാട്ടത്തിൽ ഒരാൾ പിടിയിൽ

Update: 2026-02-23 11:18 GMT

തൃക്കാക്കര: ലഘുഭക്ഷണശാലയിൽനിന്ന് ആഹാരം കഴിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയ്ക്കും തൊഴിലാളിക്കും ക്രൂരമർദനം. തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ‘ടീ കമ്പനി’ എന്ന കടയിലാണ് സംഭവം. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ കടയുടമ അത്താണി കാവലാട്ട് തൻസിൽ (35), അസം സ്വദേശിയായ ജീവനക്കാരൻ അബ്ബാസ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇൻഫോപാർക്കിനുള്ളിലെ ഷവർമ കടയിൽ ജോലി ചെയ്യുന്ന മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. കടയിൽനിന്ന് ചായയും ചെറുകടികളും കഴിച്ചശേഷം പണം നൽകാതെ ഇവർ പുറത്തേക്ക് പോകുകയായിരുന്നു. പണം ആവശ്യപ്പെട്ട ജീവനക്കാരനെ സംഘം ആദ്യം മർദിച്ചു. തടയാനെത്തിയ കടയുടമയെയും ഇവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇവർ മുൻപും പലതവണ കടയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ മുങ്ങിയിരുന്നതായി കടയുടമ പറയുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഇന്നലെ തിരക്ക് കുറവായതിനാൽ ഉടമ പണം നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. കാക്കനാട് മേഖലയിൽ ഹോട്ടലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെയുള്ള ഗുണ്ടാ അതിക്രമങ്ങൾ വർധിക്കുന്നതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്.

രാത്രികാലങ്ങളിൽ ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും ആയുധങ്ങളുമായി ആക്രമിക്കുന്നതും പതിവാകുകയാണ്. ഗുണ്ടാശല്യം കാരണം കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വ്യാപാരികൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുമെന്ന് തൃക്കാക്കര പോലീസ് അറിയിച്ചു.

Tags:    

Similar News