അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു; പണം നല്‍കി കോഴിക്കോട് ബീച്ചില്‍ ഇറക്കിവിട്ടു; കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Update: 2025-12-30 07:41 GMT

കോഴിക്കോട്: അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ഫ്ളാറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ ലഹരി നല്‍കി പീഡിപ്പിച്ചത്.

മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് താമസ സൗകര്യവും ഭക്ഷണവും വാഗ്ദാനം ചെയ്ത് കുട്ടിയെ കോഴിക്കോട് ബീച്ചില്‍നിന്ന് പന്തീരങ്കാവിലെ ഫ്ലാറ്റില്‍ എത്തിച്ചത്. ഇവിടെ വെച്ച് ലഹരിമരുന്ന് നല്‍കി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബീച്ചില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

ഡിസംബര്‍ 20-ാം തീയതിയാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. 21-ന് പുലര്‍ച്ചെ രണ്ടുമണിക്ക് ബീച്ചില്‍വെച്ചാണ് മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ട് മണിക്ക് പെണ്‍കുട്ടിയെ ബീച്ചില്‍ കണ്ട യുവാക്കള്‍ താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ കുട്ടിക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു.

പീഡനശേഷം കുട്ടിക്ക് 4,000 രൂപ പ്രതികള്‍ നല്‍കുകയും കോഴിക്കോട് ബീച്ചില്‍ ഇറക്കിവിടുകയും ചെയ്തു. ഇതേസമയം കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ ബീച്ചില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നീടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്.

Similar News