റോഡ് മുറിച്ച് കടക്കവെ കാറിന്റെ മിറര്‍ തട്ടി റോഡില്‍ വീണു; ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കളുടെ സംഘം; കമ്പി വടിക്ക് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും ഒരു മണിക്കൂറോളം ആക്രമണം: കാര്‍ അടിച്ചു തകര്‍ത്തു

കാറിന്റെ മിറര്‍ തട്ടി റോഡില്‍ വീണു; ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കളുടെ സംഘം

Update: 2025-12-31 03:27 GMT

ഹരിപ്പാട്: റോഡ് മുറിച്ച് കടക്കാന്‍ നിന്ന യുവാവ് കാര്‍ തട്ടി റോഡില്‍ വീണതിന് പിന്നാലെ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. ആറാട്ടുപുഴ നല്ലാണിക്കല്‍ കുളങ്ങരശേരില്‍ അനില്‍കുമാറിന്റെ മകന്‍ അനുവിനെയാണ്(29) ഒരു കൂട്ടം യുവാക്കള്‍ അതിക്രൂരമായി തല്ലി ചതച്ചത്. കമ്പി വടിക്ക് തലയ്ക്ക് അടിച്ചും നിലത്തിട്ട് ചവിട്ടിയും യുവാക്കള്‍ ആക്രമണം തുടര്‍ന്നു. അനുവിനെ ആശുപത്രിയിലെത്തിക്കാനും യുവാക്കള്‍ സമ്മതിച്ചില്ല. ഒരു മണിക്കൂറോളം ക്രൂരമായ ആക്രമണം തുടര്‍ന്നു. മരത്തടികള്‍ കൊണ്ടും കല്ലുകള്‍ കൊണ്ടും ആക്രമിച്ചു. മുഖം പൊട്ടി ചോര ഒഴുകി. അക്രമം തടയാനെത്തിയവര്‍ക്കും മര്‍ദനമേറ്റു.

ആഴ്ചകള്‍ക്ക് മുമ്പ് വാങ്ങിയ കാറും അക്രമികള്‍ അടിച്ച് തകര്‍ത്തു. ആറാട്ടുപുഴ ലക്ഷംവീട്ടില്‍ ഷാനവാസിന്റെ മകന്‍ അമീറിനാണ് (20) കാറിടിച്ചു പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാത്രി എട്ടേ മുക്കാലോടെ ബസ്സ്റ്റാന്‍ഡിനു വടക്ക് എ സി പള്ളി ജംഗ്ഷന് സമീപത്തായിരുന്നു ആയിരുന്നു സംഭവം. തൃക്കുന്നപ്പുഴയില്‍ നിന്നും ഭക്ഷണം വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു അപകടം. കാറിന്റെ മിറര്‍ റോഡ് അരികില്‍ നിന്ന അമീറിന്റെ ശരീരത്തില്‍ തട്ടുകയും അമീര്‍ നിലത്ത് വീഴുകയും ചെയ്തു. കാര്‍ റോഡ് അരികിലേക്ക് മാറ്റി നിര്‍ത്തി പരിക്കേറ്റ ആളിനെ ആശുപത്രിയില്‍ എത്തിക്കാനായി തയ്യാറെടുക്കുമ്പോഴാണ് അനുവിന് നേരെ ആക്രമണം ഉണ്ടായത്. സമീപത്തുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ എത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് അനുവിന്റെ പിതാവ് അനില്‍കുമാറും ഭാര്യ ലക്ഷ്മിയും സ്ഥലത്തെത്തി കേണപേക്ഷിച്ചിട്ടും അക്രമം തുടര്‍ന്നു. ചോരയൊലിച്ച് അവശനായി കിടന്ന അനുവിനെ ആശുപത്രിയില്‍ എത്തിക്കാനും അനുവദിച്ചില്ല. ഇതിനിടെ കൂടുതല്‍ നാട്ടുകാര്‍ രംഗത്ത് വന്നതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ഈ സമയം പോലുസം സംഭവ സ്ഥലത്ത് എത്തി. പൊലീസിന്റെ സഹായത്തോടെ സുഹൃത്തുക്കള്‍ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

കമ്പി കൊണ്ടുള്ള അടിയില്‍ കണ്ണിന്റെ മുകളില്‍ മുറിവുണ്ടായി. നാലു തുന്നല്‍ ഉണ്ട്. രണ്ട് കണ്ണിന്റെ അകത്തും മുറിവ് സംഭവിച്ചു. വലതു കണ്ണ് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. മരുന്നുകൊണ്ട് ഭേദമായില്ലെങ്കില്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പല്ലിന് പൊട്ടലുണ്ട്. ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. കാര്‍ ഓടിച്ച് തെങ്ങില്‍ കൊണ്ടിടിക്കാനും അക്രമികള്‍ ശ്രമം നടത്തിയിട്ടുണ്ട്. കാറിനു രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാര്‍ തട്ടി വീണ അമീറിന്റെ കാല്‍ ഒടിഞ്ഞു. തൃക്കുന്നപ്പുഴ പൊലീസ് എത്തി തെളിവുപ്പ് നടത്തി. കണ്ടാല്‍ അറിയാവുന്ന 11 പേര്‍ക്കെതിരെ കേസെടുത്തു.

Tags:    

Similar News