കോഴിക്കോട് തിരുവള്ളൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം
വടകര: കോഴിക്കോട് തിരുവള്ളൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. പേരാമ്പ്ര സ്വദേശിയായ യുവാവിനെയാണ് ഒരു സംഘം ആളുകള്‍ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം.
തിങ്കളാഴ്ച രാത്രി തിരുവള്ളൂരില്‍ വെച്ചാണ് സംഭവം. യുവാവ് ഓടിച്ച ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയതിനെച്ചൊല്ലി ബൈക്ക് യാത്രക്കാരുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തുകയും യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ യുവാവ് മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി. മര്‍ദ്ദിച്ചവരെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.
കൊച്ചിയിലെ 'ചിക്കിങ്' ഔട്ട്ലെറ്റിലും സമാനമായ രീതിയില്‍ ബര്‍ഗറിലെ ചിക്കനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ജീവനക്കാരന് മര്‍ദ്ദനമേറ്റിരുന്നു. നിസ്സാര കാരണങ്ങളുടെ പേരില്‍ നിയമം കൈയിലെടുക്കുന്ന ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.