'വീട്ടിലെ ഊണിന്റെ' മറവില്‍ മദ്യ കച്ചവടം; ബെവ്കോയില്‍ പലതവണയായി ക്യൂ നിന്ന് വാങ്ങിയ വിദേശമദ്യം വിറ്റത് ഇരട്ടി ലാഭത്തിന്; എക്‌സൈസ് റെയ്ഡില്‍ ഹോട്ടല്‍ ഉടമയില്‍ നിന്നും പിടികൂടിയത് 76 കുപ്പി മദ്യം
എരുമേലി: ഭക്ഷണവില്‍പ്പനയുടെ മറവില്‍ വലിയ അളവില്‍ മദ്യം ഇരട്ടിലാഭത്തിന് വില്‍ക്കാന്‍ ശ്രമിച്ച ഹോട്ടലുടമയെ പിടികൂടി എക്സൈസ്. കറിക്കാട്ടൂര്‍ സ്വദേശിയായ വി എസ് ബിജുമോനാണ് പിടിയിലായത്. തിരുവോണം എന്ന പേരില്‍ ഹോട്ടല്‍ നടത്തുന്ന ഇയാള്‍ 'വീട്ടിലെ ഊണിന്റെ' മറവിലാണ് മദ്യം മറിച്ചുവിറ്റിരുന്നത്. ബാറുകള്‍ അവധിയായ പുതുവര്‍ഷ ദിനത്തില്‍ ഇരട്ടി ലാഭത്തില്‍ വില്‍ക്കാനായി 76 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്.
ബെവ്കോയില്‍ പലതവണയായി ക്യൂ നിന്നാണ് ഇയാള്‍ മദ്യം വാങ്ങികൂട്ടിയത്. ഇത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും ഇരട്ടിവിലയ്ക്കാണ് വിറ്റിരുന്നത്. വീടിന്റെ മുകളിലത്തെ നിലയില്‍ രഹസ്യ അറകളിലാണ് ഇയാള്‍ മദ്യം സൂക്ഷിച്ചിരുന്നത്. എരുമേലി എക്സൈസ് ഇന്‍സ്പെക്ടര്‍ കെഎച്ച് രാജിവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് മുഹമ്മദ് അഷ്‌റഫ്, പ്രിവന്റി ഓഫീസര്‍ ഗ്രേഡുമാരായ ശ്രീലേഷ്.വി.എസ്, മാമന്‍ ശാമുവേല്‍, രതീഷ്.പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശോഭ്.കെ.വി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അഞ്ജലി കൃഷ്ണ, ഡ്രൈവര്‍ ഷാനവാസ്.ഒ.എ എന്നിവര്‍ പങ്കെടുത്തു.