മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്; പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചര്‍ക്കും നോട്ടീസ്; നടപടി, എഇഒയുടെ റിപ്പോര്‍ട്ടിന്‍മേല്‍

Update: 2026-01-06 12:23 GMT

പാലക്കാട്: മലമ്പുഴയില്‍ എയ്ഡഡ് സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. എഇഒയുടെ റിപ്പോര്‍ട്ടിന്‍മേലാണ് വകുപ്പിന്റെ നടപടിയുണ്ടായത്. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജര്‍ക്കെതിരെ ശുപാര്‍ശ നല്‍കിയത്. സംസ്‌കൃത അധ്യാപകന്‍ അനിലാണ് എസ് സി വിഭാഗത്തില്‍പ്പെട്ട ആറാം ക്ലാസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്.

സംഭവത്തില്‍ അധ്യാപകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

എയ്ഡഡ് സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് എഇഒ റിപ്പോര്‍ട്ടിലുള്ളത്. പീഡന വിവരം പൊലീസിനെ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്നും വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്‌കൂള്‍ പരാതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്ന് എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്ഷിതാക്കളുടെ നിസഹകരണം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കാമായിരുന്നു. സംഭവം അറിഞ്ഞതോടെ അധ്യാപകന്റെ രാജി എഴുതി വാങ്ങി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്.

നേരത്തെ സംഭവത്തില്‍ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു . പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചെന്നും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതെന്നും ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. വിദ്യാര്‍ഥി സഹപാഠിയോട് തുറന്നു പറഞ്ഞ ഡിസംബര്‍ 18 ന് തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പീഡന വിവരം മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി സ്‌കൂളിനെതിരെ നടപടിയെടുക്കും.

അധ്യാപകനെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.

Similar News