'ശ്രീകുമാറിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ എസ്‌ഐടിക്കായില്ല; ഒപ്പുവച്ചത് സാക്ഷിയായി മാത്രം'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണ സംഘത്തിന് കോടതിയുടെ വക കനത്ത പ്രഹരം; ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ ജാമ്യ ഉത്തരവ് പുറത്ത്. പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്‌ഐടിക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവില്‍ കൊല്ലം വിജിലന്‍സ് കോടതി പറയുന്നു. ശ്രീകുമാറിന് എതിരെ ഗൂഢാലോചനയ്ക്കും തെളിവില്ല. ശ്രീകുമാര്‍ ഒപ്പുവച്ചത് സാക്ഷിയായി മാത്രമാണ്, ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നു. എസ്‌ഐടിക്ക് കനത്ത തിരിച്ചടിയാണ് കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
പ്രഥമദൃഷ്ട്യാ ശ്രീകുമാറിനെതിരെ ഒരു തെളിവും എസ്‌ഐടിക്ക് ഹാജരാക്കാനായില്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. ദ്വാരപാലക ശില്പങ്ങള്‍ കൊണ്ട് പോകാന്‍ തീരുമാനിച്ചതിന് ശേഷമാണ് ശ്രീകുമാറിന്റെ നിയമനം. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദേശ പ്രകാരം ശ്രീകുമാര്‍ മഹസറില്‍ ഒപ്പ് വെച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ശ്രീകുമാറിന് ബന്ധമില്ലെന്നും മഹസറില്‍ ഒപ്പ് വെച്ചതല്ലാതെ മറ്റു കാരണങ്ങള്‍ ഒന്നും ശ്രീകുമാറിനെതിരെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്നും ഉത്തരവിലുണ്ട്.
ഗൂഢാലോചനയ്ക്കും ശ്രീകുമാറിനെതിരെ തെളിവില്ലെന്ന് ഉത്തരവില്‍ പറയുന്നു. എസ്‌ഐടി തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി അറിയിച്ചു. ശ്രീകുമാര്‍ ഒപ്പുവച്ചത് സാക്ഷിയായി മാത്രമാണ്. കുറ്റകൃത്യത്തിനോ ഗൂഢാലോചനയ്‌ക്കോ ശ്രീകുമാറിനെതിരെ തെളിവില്ല. മഹസര്‍ തയ്യാറാക്കിയതില്‍ ശ്രീകുമാറിന് പങ്കുണ്ടെന്ന് തെളിയിക്കാനായില്ല. ദേവസ്വം ബോര്‍ഡ് എടുത്ത തീരുമാനത്തിലും ശ്രീകുമാറിന് പങ്കില്ല. പാളികള്‍ ഇളക്കിയെടുക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ശ്രീകുമാറിന്റെ നിയമനമെന്നും ഉത്തരവില്‍ പറയുന്നു.