യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം വൈശാഖ് തന്റെ ഭാര്യയെ വിളിച്ചുവരുത്തി; ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് കാമുകിയെ ചതിച്ചു; 16 വയസു മുതലുള്ള പീഡനം; മാളിക്കടവില്‍ സിസിടിവി എല്ലാം പൊളിച്ചു; വൈശാഖിന് രക്ഷയില്ല; ഭാര്യ നിരപരാധിയും; ആ ചതിയൊരുക്കല്‍ ഇങ്ങനെ

Update: 2026-01-30 05:48 GMT

കോഴിക്കോട്: മാളിക്കടവില്‍ 26-കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വൈശാഖ് (35) നടത്തിയത് ഗൂഡാലോചനയില്‍ തെളിഞ്ഞ കുറ്റകൃത്യം. യുവതിയെ വഞ്ചിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കാനും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനും വൈശാഖ് നടത്തിയ നീക്കങ്ങളില്‍ സ്വന്തം ഭാര്യയെപ്പോലും അയാള്‍ കരുവാക്കുകയായിരുന്നു.

യുവതിയുടെ മരണം ഉറപ്പാക്കിയ ശേഷം വൈശാഖ് തന്റെ ഭാര്യയെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥാപനത്തില്‍ ഒരു യുവതി തൂങ്ങിനില്‍ക്കുന്നുണ്ടെന്നും ഉടന്‍ എത്തണമെന്നുമാണ് ഇയാള്‍ ഭാര്യയോട് പറഞ്ഞത്. ഇതനുസരിച്ച് എത്തിയ ഭാര്യയും വൈശാഖും ചേര്‍ന്നാണ് മൃതദേഹം കാറില്‍ കയറ്റിയത്. ഒരു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വിശ്വസിച്ചാണ് ഭാര്യ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചതെന്നാണ് വിവരം.

കൊലപാതകവിവരം മറച്ചുവെച്ച് ഭാര്യയെപ്പോലും വൈശാഖ് ചതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ എത്തിച്ചശേഷം തിരികെ വന്ന് സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് നശിപ്പിക്കാനായിരുന്നു വൈശാഖിന്റെ പദ്ധതിയെങ്കിലും പോലീസ് വേഗത്തില്‍ ഇടപെട്ടത് ഇയാളുടെ നീക്കങ്ങള്‍ പാളിപ്പോകാന്‍ കാരണമായി.

യുവതിയുമായുള്ള ദീര്‍ഘകാല ബന്ധം തന്റെ കുടുംബം അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചതോടെ, ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ യുവതിയെ വര്‍ക്ക് ഷോപ്പിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചുവെന്ന് ഉറപ്പായ ശേഷം മൃതദേഹത്തോടും പ്രതി ക്രൂരമായ അനാദരവ് കാണിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ലൈംഗിക വൈകൃതങ്ങള്‍ ഉള്ളതായും അന്വേഷണസംഘം സൂചിപ്പിക്കുന്നു.

യുവതിക്ക് 16 വയസ്സുള്ളപ്പോള്‍ മുതല്‍ വൈശാഖ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. എലത്തൂര്‍ സി.ഐ. കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് മാളിക്കടവിലെ സ്ഥാപനത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നത്.

ഫെബ്രുവരി രണ്ടാം തീയതി വരെയാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കേസില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിട്ടുണ്ട്.

Similar News