ചെന്നൈയില്‍ വന്‍ രാസലഹരിവേട്ട; പ്രമുഖ മലയാള നടി അഞ്ജു കൃഷ്ണയും തമിഴ് സംവിധായികയുമടക്കം അറസ്റ്റില്‍; കാറില്‍ ലഹരിയുമായി കറങ്ങുന്നതിനിടെ മിന്നല്‍ പരിശോധന; മെത്താംഫെറ്റമിനും സ്റ്റാമ്പുകളുമായി നടി പിടിയിലായത് സിനിമാ സംഘത്തോടൊപ്പം

Update: 2026-02-06 05:03 GMT

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച് ചെന്നൈയില്‍ വീണ്ടും വന്‍ ലഹരിവേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ (30), തമിഴ് സിനിമകളിലെ സഹസംവിധായിക വിന്‍സി നിവേദ (26) എന്നിവരടക്കം എട്ടുപേരെയാണ് ചെന്നൈ ആന്റി നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിന്‍, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

നെശപ്പാക്കം സ്വദേശിയായ വിഘ്നേശ്വരന്‍ എന്നയാളെ പിടികൂടിയതോടെയാണ് ലഹരി ശൃംഖലയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. വെങ്കിടേഷ് കുമാര്‍ എന്നയാളില്‍ നിന്നാണ് താന്‍ മയക്കുമരുന്ന് വാങ്ങുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിലെത്തിയ പോലീസ് സംഘം വെങ്കിടേഷിനെ പിടികൂടുകയായിരുന്നു. വത്സരവാക്കത്ത് ലഹരിമരുന്ന് കൈമാറാനായി കാറിലെത്തിയ വെങ്കിടേഷിനെയും സംഘത്തെയും പോലീസ് വളഞ്ഞുപിടിക്കുകയായിരുന്നു. ഈ കാറിലാണ് നടി അഞ്ജു കൃഷ്ണയും വിന്‍സി നിവേദയും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നത്.

നടി അഞ്ജു കൃഷ്ണ (30), സഹസംവിധായിക വിന്‍സി നിവേദ (26), ലഹരി ഇടപാടുകാരന്‍ വെങ്കിടേഷ് കുമാര്‍ (31), കാര്‍ത്തിക് രാജ (31) യശ്വന്ത് (25) ശ്രീറാം (33) അല്‍വിബിന്‍ഷ (27) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 6 ഗ്രാം മെത്താംഫെറ്റമിന്‍, 7 ഗ്രാം ഒജി കഞ്ചാവ്, 15 ഗ്രാം കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പ്, 9 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.

മോഡലിംഗിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ, തമിഴ് ചിത്രമായ 'വെള്ളിമലൈ'യില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായ മലയാള ചിത്രം 'ആരോ'യിലും ഏതാനും ടെലിവിഷന്‍ പരമ്പരകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഫ്‌ലവേഴ്‌സ് ടിവിയിലെ 'പ്രിയങ്കരി' എന്ന സീരിയലിലൂടെയാണ് അഞ്ജു പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയായത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് പോലീസിന്റെ നീക്കം. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെന്നൈ വത്സരവാക്കം പോലീസ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News