'ഞാന്‍ അവളെ കൊന്നു!'; ഭാര്യയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍; കോടാലി ഉപയോഗിച്ച് കഴുത്തില്‍ ആവര്‍ത്തിച്ച് വെട്ടി; മരണം ഉറപ്പാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു; പിന്നാലെ കീഴടങ്ങല്‍; കൊല്ലപ്പെട്ടത് മൂന്ന് കുട്ടികളുടെ അമ്മ

Update: 2026-02-11 11:54 GMT

ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഹര്‍കിര്‍ത്തന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് കുല്‍ദീപ് സിങിന്റെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയാണ്.

കൊല്ലപ്പെട്ട ഹര്‍കിര്‍ത്തന്‍ കൗര്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. പത്തും എട്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും ആറ് വയസ്സുള്ള ഒരു മകനുമാണ് ഇവര്‍ക്കുള്ളത്. സംഗ്രൂരിലെ ഒരു മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ മകനാണ് പ്രതിയായ കുല്‍ദീപ് സിങ്. കൊലപാതകത്തിന് ശേഷം ഇയാള്‍ നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

പ്രതി ഭാര്യയെ നിരന്തരം ഉപദ്രവിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ലേഹരഗാഗ ടൗണ്‍ ഡിഎസ്പി രണ്‍വീര്‍ സിങ് പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതി തന്റെ ഭാര്യയെ ആവര്‍ത്തിച്ച് മര്‍ദ്ദിക്കുന്നത് കാണാം.

വീഡിയോയുടെ തുടക്കത്തില്‍ അവര്‍ക്ക് ശ്വാസമുണ്ടായിരുന്നുവെങ്കിലും, പിന്നീട് കോടാലി എന്ന് തോന്നിപ്പിക്കുന്ന ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആവര്‍ത്തിച്ച് വെട്ടുകയായിരുന്നു. അവര്‍ നിശ്ചലയായതിന് ശേഷം, 'ഞാന്‍ അവളെ കൊന്നു' എന്ന് പഞ്ചാബിയില്‍ ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഇയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News