ഭര്‍ത്താവിന്റെ സഹോദരിയുടേത് അടക്കം 35പവന്‍ സ്വര്‍ണവുമായി മുങ്ങി; തട്ടിയെടുത്തിന് തുല്യമായ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീണ്ടും കബളിപ്പിച്ചു: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും യുവതിയെ അറസ്റ്റ് ചെയ്യാതെ പോലിസ്: ആതിര കാണാമറയത്ത്
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും യുവതിയെ അറസ്റ്റ് ചെയ്യാതെ പോലിസ്
ആലപ്പുഴ: ഭര്‍തൃവീട്ടില്‍ നിന്ന് വീട്ടുകാരുടെ എല്ലാം പണവും സ്വര്‍ണവുമായി മുങ്ങിയ കേസില്‍ യുവതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്. ആലപ്പുഴ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വന്‍ തട്ടിപ്പു കേസിലാണ് യുവതി ഇപ്പോഴും പുറത്ത് വിലസുന്നത്. മാരാരിക്കുളം വടക്ക് താമസിക്കുന്ന ആതിരയാണ് തട്ടിപ്പ് കേസ് വന്നതോടെ ഒളിവില്‍ തുടരുന്നത്. ആതിര ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണവും മുപ്പതിനായിരം രൂപയും തട്ടിയെടുത്തെന്നാണ് ആതിരക്കെതിരായ കേസ്. തട്ടിയെടുത്തിന് തുല്യമായ സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍ത്താവിനെയും വീട്ടുകാരെയും വിളിച്ചു വരുത്തിയ ആതിര ഇവരെ വീണ്ടും കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു,
മാരാരിക്കുളം സ്വദേശിയായ ആതിര 2022ലാണ് ചേര്‍ത്തല സ്വദേശിയെ വിവാഹം കഴിച്ചത്. അന്നുമുതല്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസം. ഭര്‍ത്താവിന്റെ അമ്മയും അച്ഛനും സഹോദരിയും അടങ്ങുന്ന വീട്ടില്‍ താമസിച്ചു വരവെ 2024 നവംബറിലാണ് മോഷണം നടത്തുന്നത്. അമ്മ ചിട്ടി പിടിച്ച് വീട്ടില്‍ സൂക്ഷിച്ച 50,000 രൂപയില്‍ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാമടങ്ങുന്ന 35 പവന്‍ സ്വര്‍ണവും ഡയമണ്ട് സ്റ്റഡും വീട്ടില്‍ നിന്ന് മോഷണം പോയി. എന്നാല്‍ 2024 നവംബറിലാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മോഷണം പോയതില്‍ കൂടുതലും ഭര്‍ത്താവിന്റെ ഹോദരിയുടെ സ്വര്‍ണമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.
ഈ സമയം എല്ലാം ഒന്നും അറിയാത്തത് പോലെ അഭിനയിച്ച ആതിര പോലീസ് സ്റ്റേഷനിലെത്തി കേസുകൊടുക്കുന്നതിനെല്ലാം മുന്നില്‍ തന്നെ നിന്നു. ഒടുവില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ തനിക്ക് ജോലി ലഭിച്ചെന്നും സൗകാര്യാര്‍ഥം സ്വന്തം വീട്ടില്‍ നില്‍ക്കാമെന്നും പറഞ്ഞ് ആതിര അങ്ങോട്ടേക്ക് മാറി. ഇതോടെ ആതിരയേയും പോലിസ് നോട്ടപ്പുള്ളിയാക്കി. ഒടുവില്‍ പൊലീസ് അന്വേഷണം ആതിരയിലേക്ക് നീളുമെന്ന് ഉറപ്പായതോടെ ഭര്‍ത്താവിനെ വീട്ടില്‍ വിളിച്ചുവരുത്തി എല്ലാം മോഷ്ടിച്ചത് താനെന്ന് കുറ്റം സമ്മതിക്കുകയും മോഷ്ടിച്ച സ്വര്‍ണത്തിന് പകരം സ്വര്‍ണം വാങ്ങി നല്‍കാമെന്ന് വാക്ക് നല്‍കുകയും ചെയ്തു.
ആതിര അറിയിച്ചത് പ്രകാരം സ്വര്‍ണം വാങ്ങുന്നതിനായി കൊച്ചിയിലെ ജ്വലറിയില്‍ ഭര്‍ത്താവും സഹോദരിയും അമ്മയുമെത്തി. ആതിരയും അച്ഛനും സഹോദരിക്കുമൊപ്പമെത്തി കണക്കനുസരിച്ച് സ്വര്‍ണം വാങ്ങി. വക്കീല്‍ ഓഫീസില്‍ വച്ച് സ്വര്‍ണം കൈമാറാമെന്നും കേസ് ഒത്തുതീര്‍പ്പാക്കാണമെന്നും പറഞ്ഞ് അവിടുന്നിറങ്ങി. പിന്നീട് ഭര്‍ത്താവും വീട്ടുകാരും വക്കീല്‍ ഓഫിസില്‍ എത്തിയെങ്കിലും ആതിരയെ ആരും കണ്ടിട്ടില്ല. ആ സ്വര്‍ണവും അടിച്ചുമാറ്റി ആതിര മുങ്ങി. ഇതോടെയാണ് കേസ് ഒടുവില്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ആതിരയുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിക്കുകയും ചെയ്തത്. പ്രതി ഇന്നും ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. ചതിക്കപ്പെടുകയും സ്വര്‍ണവും പണവും നഷ്ടമാവുകയും ചെയ്തതോടെ കടുത്ത വിഷമത്തിലാണ് യുവാവും കുടുംബവും.
